Breaking News

Trending right now:
Description
 
Oct 04, 2017

നടന്‍ ദിലീപിന്‌ ഉപാധികളോടെ ജാമ്യം

image മലയാളത്തിലെ യുവനടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്‌ത സംഭവത്തിലെ ഗൂഢോലോചനക്കേസില്‍ റിമാന്‍ഡിലായിരുന്ന നടന്‍ ദിലീപിന്‌ ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ആലുവ ജയിലില്‍ 85 ദിവസമായി കഴിഞ്ഞുവന്ന ദിലീപിന്‌ ചൊവ്വാഴ്‌ചയാണ്‌ ജാമ്യം അനവദിച്ചത്‌. ദിലീപിനെ സ്വീകരിക്കാന്‍ ആരാധകരുടെ സംഘംതന്നെ എത്തിയിരുന്നു. കുറ്റകൃത്യം ആസൂത്രണം ചെയ്‌തു എന്നതുള്‍പ്പെടെ പ്രോസിക്യൂഷന്റെ ആരോപണങ്ങള്‍ ഗുരുതരമാണെങ്കിലും ലൈംഗികാതിക്രമത്തില്‍ ദിലീപ്‌ പങ്കെടുത്തിട്ടില്ലെന്നു കോടതി വിലയിരുത്തി. പള്‍സര്‍സുനിക്ക്‌ ദിലീപ്‌ ഒന്നരക്കോടി രൂപയ്‌ക്കു ക്വട്ടേഷന്‍ നല്‍കിയെന്നും 10,000 രൂപ അഡ്വാന്‍സ്‌ നല്‍കുകയും ചെയ്‌തുവെന്നാണ്‌ കേസ്‌. കേസില്‍ അറസ്‌റ്റിലായ ഇയാള്‍ ജയിലിലാണ്‌. അശ്ലീല ചിത്രങ്ങള്‍ പകര്‍ത്താന്‍ പള്‍സര്‍ സുനിയെ നിയോഗിച്ചു എന്നതു മാത്രമാണ്‌ ദിലീപിനെതിരെ ആരോപിക്കപ്പെട്ടതെന്നും കൂട്ടമാനഭംഗക്കേസ്‌ നിലനില്‍ക്കില്ലെന്നും 60 ദിവസം പൂര്‍ത്തിയായാല്‍ അവകാശജാമ്യത്തിന്‌ അര്‍ഹതയുണ്ടെന്നും ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു. കോടതി നിര്‍ദേശിച്ച ഉപാധികള്‍ ഇങ്ങനെ: ദിലീപിന്‌ മാധ്യമങ്ങളിലൂടെയുള്ള വാക്കുകള്‍ക്ക്‌ നിയന്ത്രണം, നടിയേയും സാക്ഷികളെയും നേരിട്ടോ മറ്റാരെങ്കിലും മുഖേനയോ ഭീഷണിപ്പെടുത്താന്‍ പാടില്ല, ഒരുലക്ഷംരൂപയുടെ സ്വന്തം ജാമ്യവും തുല്യതുകയ്‌ക്കുള്ള രണ്ടാള്‍ജാമ്യവും വേണം, ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരായി അന്വേഷണവുമായി സഹകരിക്കണം. ഇവ ലംഘിക്കപ്പെട്ടാല്‍ ജാമ്യം റദ്ദാകുമെന്നു കോടതി വ്യക്തമാക്കി.