Breaking News

Trending right now:
Description
 
Oct 04, 2017

ബിഎസ്‌എഫ്‌ ക്യാംപ്‌ ആക്രമിച്ച മൂന്നുഭീകരരെ വധിച്ചു

image ശ്രീനഗര്‍ വിമാനത്താവളത്തിനു സമീപത്തെ അതിര്‍ത്തി സുരക്ഷാസേനയുടെ (ബിഎസ്‌എഫ്‌) ക്യാംപ്‌ ആക്രമിച്ച ചാവേര്‍സംഘത്തിലെ മൂന്നു ഭീകരരെ സുരക്ഷാസേന വധിച്ചു. ചൊവ്വാഴ്‌ച പുലര്‍ച്ച ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു. സുരക്ഷാസേന ശക്തമായി തിരിച്ചടിക്കുകയും ചെയ്‌തു. എട്ടുമണിക്കൂര്‍ നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവിലാണ്‌ മൂന്നുഭീകരരെ വധിച്ചത്‌. ആക്രമണത്തില്‍ ബിഎസ്‌എഫ്‌ അസിസ്റ്റന്റ്‌ സബ്‌ ഇന്‍സ്‌പെക്ടര്‍ ബി.കെ.യാദവ്‌ (50) വീരമൃത്യുവരിച്ചു. മൂന്നു ജവാന്മാര്‍ക്ക്‌ പരുക്കേറ്റു. ബിഎസ്‌എഫ്‌ ക്യാംപിനു സമീപമുള്ള ഫ്രണ്ട്‌സ്‌ കോളനിയുടെ ഭാഗത്തെ വേലി തകര്‍ത്താണ്‌ ഭീകരര്‍ ക്യാംപില്‍ പ്രവേശിച്ചത്‌. ക്യാംപിന്റെ മതില്‍കെട്ടിനുള്ളില്‍ കടന്ന ഭീകരര്‍ നാലുപാടും വെടിയുതിര്‍ക്കുകയായിരുന്നു. സിആര്‍പിഎഫിന്റെയും വ്യോമസേനയുടെയും കമാന്‍ഡോ സംഘങ്ങളും സുരക്ഷാസൈന്യത്തെ സഹായിക്കാന്‍ എത്തി. എട്ടുമണിക്കൂറിനുള്ളില്‍ മൂന്നുഭീകരരെയും വെടിവച്ചുവീഴ്‌ത്തുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന്‌ ശ്രീനഗര്‍ വിമാനത്താവളം മൂന്നുമണിക്കൂര്‍ അടച്ചിട്ടു.