Breaking News

Trending right now:
Description
 
Oct 04, 2017

വിവാദ വ്യവസായി മല്യ ലണ്ടനില്‍ അറസ്‌റ്റിലായി; ഉടന്‍ ജാമ്യം

image ഇന്ത്യയിലെ 17 ബാങ്കുകളില്‍നിന്നായി 9000 കോടി രൂപ വായ്‌പയെടുത്തശേഷം ലണ്ടനിലേക്ക്‌ കടന്ന വിവാദ വ്യവസായി വിജയ്‌ മല്യയെ (61) അറസ്റ്റു ചെയ്‌തെങ്കിലും അരമണിക്കൂറിനുള്ളില്‍ ജാമ്യം നല്‍കി വിട്ടയച്ചു. വിജയ്‌ മല്യയെ ലണ്ടനിലെ വസതിയില്‍നിന്നാണ്‌ അറസ്റ്റു ചെയ്‌തത്‌. പിന്നീട്‌ വെസ്റ്റ്‌മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ്‌ കോടതി ജാമ്യം അനുവദിക്കുകയും ചെയ്‌തു. സാമ്പത്തിക ക്രമക്കേട്‌ കേസില്‍ ഇതു രണ്ടാം തവണയാണ്‌ മല്യ അറസ്‌റ്റിലാകുന്നതും ജാമ്യം നേടിയതും. കുറ്റവാളികളെ വിട്ടുകിട്ടല്‍ നിയമപ്രകാരം ഇന്ത്യ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഏപ്രില്‍ 19നു സ്‌കോട്‌ലന്‍ഡ്‌ യാഡ്‌ അറസ്‌റ്റുചെയ്‌തപ്പോഴും മൂന്നുമണിക്കൂറിനകം മല്യയെ ജാമ്യത്തില്‍ വിട്ടിരുന്നു. സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ചു കൂടുതല്‍ തെളിവുകള്‍ ഉള്‍പ്പെടുത്തി എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ കോടതിയില്‍ സമര്‍പ്പിച്ച പുതിയ സത്യവാങ്‌മൂലത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഇപ്പോഴത്തെ അറസ്‌റ്റ്‌. ജാമ്യ ഉപാധികളില്‍ ആറരലക്ഷം പൗണ്ടിന്റെ (5.37 കോടിരൂപ) ജാമ്യവും താമസസ്ഥലം വിട്ടുപോകരുതെന്ന വ്യവസ്ഥയും ബാധകമാണ്‌. കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ്‌ മല്യ ഇന്ത്യയില്‍നിന്നു മുങ്ങിയത്‌. ഇന്ത്യയിലെ കോടതിയില്‍ ഹാജരാകാന്‍ നിരവധിതവണ കോടതി ആവശ്യപ്പെട്ടെങ്കിലും മല്യ തയാറായില്ല. ഇതോടെ 17 ബാങ്കുകളുടെ കണ്‍സോഷ്യം മല്യയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുകയായിരുന്നു. മല്യയെ അറസ്റ്റു ചെയ്‌തു ഹാജരാക്കാന്‍ കേന്ദ്രസര്‍ക്കാരിന്‌ കോടതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, മല്യയെ ഇന്ത്യയ്‌ക്കു കൈമാറാനുള്ള നിയമനടപടി സ്വീകരിക്കണമെന്നു ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയെ കണ്ട്‌ ആവശ്യപ്പെട്ടിരുന്നു.