Breaking News

Trending right now:
Description
 
Oct 03, 2017

രാജീവിനെ കൊല്ലാന്‍ പദ്ധതിയില്ലായിരുന്നു; സംഭവിച്ചുപോയി: അറസ്‌റ്റിലായ ജോണി

image ഭൂമിയിടപാടുകാരന്‍ രാജീവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി അങ്കമാലി ചെറുമഠത്തില്‍ ജോണി (ചക്കരജോണി-53), സഹായി രഞ്‌ജിത്ത്‌ (36) എന്നിവരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റു ചെയ്‌തു. രാജീവിനെ കൊല്ലാന്‍ ക്വട്ടേഷന്‍സംഘത്തെ ഏര്‍പ്പാടാക്കിയ ആളാണ്‌ ജോണി. മറ്റു രണ്ടുപേര്‍കൂടി പൊലീസ്‌ കസ്റ്റഡിയിലുണ്ട്‌. പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ സി.പി.ഉദയഭാനുവിന്റെ പങ്കും പൊലീസ്‌ അന്വേഷിക്കുന്നുണ്ട്‌. ഉദയഭാനുവും സംഘവും ഭീഷണിപ്പെടുത്തുന്നുവെന്നു രാജീവ്‌ നേരത്തെ പൊലീസിന്‌ പരാതി നല്‍കിയിരുന്നു. സംഭവത്തിനുശേഷം സുഹൃത്തിന്റെ കാറിലാണ്‌ മംഗലം ഡാമിലുള്ള എസ്റ്റേറ്റിലെ മാനേജരുടെ താമസസ്ഥലത്ത്‌ എത്തി ജോണി ഒളിവില്‍ കഴിഞ്ഞിരുന്നത്‌. 98 ഏക്കര്‍വരുന്ന റബര്‍തോട്ടത്തിന്റെ ഉടമകളില്‍ ഒരാളാണ്‌ ജോണി. ഇവിടെനിന്നു തമിഴ്‌നാട്ടിലേക്കു കടക്കാനുള്ള ശ്രമത്തിനിടെയാണ്‌ പൊലീസ്‌ പിടിയിലായത്‌. രാജീവിനെ കൊല്ലാന്‍ പദ്ധതിയില്ലായിരുന്നുവെന്നും സംഭവിച്ചുപോയെന്നുമാണ്‌ ജോണിയുടെ മൊഴി. ഭൂമിയിടപാടിനു മുന്‍കാറായി ജോണിയും സി.പി.ഉദയഭാനുവും നല്‍കിയ പണം തിരിച്ചുപിടിക്കുകയായിരുന്നു ലക്ഷ്യം. രാജീവിനെ തട്ടിക്കൊണ്ടുപോയി മുദ്രപ്പത്രത്തില്‍ ബലമായി ഒപ്പിടുവിച്ചശേഷം തിരിച്ചയ്‌ക്കാനായിരുന്നു പദ്ധതി. മുദ്രപത്രത്തില്‍ ഒപ്പുവയ്‌ക്കുന്നത്‌ രാജീവ്‌ ചെറുക്കുകയും ബഹളംവയ്‌ക്കുകയും ചെയ്‌തപ്പോള്‍ ക്വട്ടേഷന്‍സംഘം ക്രൂരമായി മര്‍ദ്ദിക്കുകയും പായകൊണ്ടു ശ്വാസംമുട്ടിക്കുകയുമായിരുന്നെന്നു ജോണി മൊഴിനല്‍കി.