Breaking News

Trending right now:
Description
 
Oct 02, 2017

കാറ്റലോണിയ ഹിതപരിശോധനയ്‌ക്കിടെ ഏറ്റുമുട്ടല്‍

image സ്‌പെയിനിലെ കാറ്റലോണിയയില്‍ സ്വാതന്ത്ര്യ ഹിതപരിശോധനയ്‌ക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ 844 പേര്‍ക്ക്‌ പരുക്കേറ്റു. ഇവരില്‍ 20 പൊലീസുകാരും 15 മറ്റ്‌ സുരക്ഷാ ഉദ്യോഗസ്ഥരുമുണ്ട്‌. പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസ്‌ റബര്‍ ബുള്ളറ്റ്‌ പ്രയോഗിക്കുകയും ലാത്തിവീശുകയും ചെയ്‌തു. ഭരണഘടനാകോടതി നിയമവിരുദ്ധമായി പ്രഖ്യാപിച്ച ഹിതപരിശോധന അനുവദിക്കില്ലെന്നു സ്‌പെയിന്‍ ഭരണകൂടം വ്യക്തമാക്കിയിരുന്നു. സ്‌പെയിനിന്റെ വടക്കുകിഴക്കന്‍ പ്രദേശമായ കാറ്റലോണിയ സ്വതന്ത്രരാജ്യമായിത്തീരണോ സ്‌പെയിനിന്റെ ഭാഗമായി തുടരണോ എന്നു നിശ്ചയിക്കാനായിരുന്നു വോട്ടെടുപ്പ്‌. മേഖലാ സര്‍ക്കാര്‍ വോട്ടെടുപ്പ്‌ നടപടികളുമായി മുന്നോട്ടുപോയതോടെ ബാലറ്റ്‌ പെട്ടികളും ബാലറ്റ്‌ പേപ്പറുകളും സ്‌പെയിന്‍ പൊലീസ്‌ പിടിച്ചെടുത്തു. പലയിടത്തും വോട്ടിങ്‌ കേന്ദ്രങ്ങളുടെ വാതില്‍ പൊളിച്ച്‌ പൊലീസ്‌ അകത്തുകയറുകയായിരുന്നു. ഹരിതപരിശോധന പൊലീസ്‌ തടഞ്ഞതോടെയാണ്‌ സംഘര്‍ഷം ഉണ്ടായത്‌. സൈനിക നടപടിയില്‍ 844 പേര്‍ ചികിത്സതേടിയതായും 92 പേര്‍ക്ക്‌ പരുക്കേറ്റതായും കാറ്റലോണിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. സ്‌പാനിഷ്‌ കോടതി ഹിതപരിശോധന നിരോധിച്ചതോടെ ഇതിനുള്ള ഒരുക്കങ്ങള്‍ മറികടക്കാന്‍ പൊലീസ്‌ ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നു. ഇവയെല്ലാം മറികടന്നാണ്‌ കാറ്റലോണിയക്കാര്‍ ഹിതപരിശോധനയ്‌ക്കായി എത്തിയത്‌. പൊലീസ്‌ അക്രമത്തില്‍ പ്രതിഷേധിച്ച്‌ കാറ്റലോണിയ അസോസിയേഷന്‍ ചൊവ്വാഴ്‌ച പ്രാദേശിക ബന്ദിന്‌ ആഹ്വാനം ചെയ്‌തു.