Breaking News

Trending right now:
Description
 
Oct 02, 2017

പ്രാര്‍ഥന ലോകത്തിന്‌ സാമാധാനം നല്‍കും: ഫാ.ടോം ഉഴുന്നാലില്‍

image ബോംബുകളും വെടിയുണ്ടകളുമല്ല പ്രാര്‍ഥനയാണ്‌ ലോകത്തിനു സമാധാനം നല്‍കുന്നതെന്നു ഫാ.ടോം ഉഴുന്നാലില്‍. പാലാ ബിഷപ്‌ ഹൗസിലും മാതൃഇടവകയായ രാമപുരം സെന്റ്‌ അഗസ്റ്റിന്‍സ്‌ ഫൊറോന ദേവാലയത്തിലും നല്‍കിയ സ്വീകരണത്തില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. ദൈവം ഏല്‍പ്പിക്കുന്ന ദൗത്യങ്ങള്‍ തിരിച്ചറിഞ്ഞ്‌ അവയെ പൂര്‍ത്തിയാക്കാനുള്ള ഉത്തരവാദിത്വങ്ങള്‍ ഓരോരുത്തര്‍ക്കുമുണ്ട്‌. ആയിരുന്ന ഇടത്തൊക്കെ എല്ലാവര്‍ക്കുംവേണ്ടി പ്രാര്‍ഥിച്ചു. ഒരിക്കല്‍പോലും കരയുകയോ വിഷമിക്കുകയോ ചെയ്‌തിട്ടില്ലെന്നും ഫാ.ടോം ഉഴുന്നാലില്‍ പറഞ്ഞു. തന്നെ പിന്തുണച്ച രാഷ്ട്രത്തലവന്മാര്‍ക്കും തനിക്കുവേണ്ടി പ്രാര്‍ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്‌ത എല്ലാവര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. ഭീകരര്‍ തനിക്കു ഭക്ഷണവും മരുന്നുമെല്ലാം തന്നിരുന്നുവെന്നും ഫാ.ടോം ഉഴുന്നാലില്‍ വ്യക്തമാക്കി. തന്റെ കണ്‍മുമ്പില്‍ വെടിയേറ്റുവീണ സന്യസ്‌തരുടെ ഓര്‍മകള്‍ പങ്കുവച്ചപ്പോള്‍ അദ്ദേഹം കരയുന്ന അവസ്ഥയിലായിരുന്നു. ഇന്നലെ വൈകുന്നേരമാണ്‌ ഫാ.ടോം ഉഴുന്നാലില്‍ ജന്മനാടായ രാമപുരത്ത്‌ എത്തിയത്‌. വിവിധതുറകളിലുള്ള ആയിരങ്ങളാണ്‌ അദ്ദേഹത്തെ സ്വീകരിക്കാന്‍ എത്തിയത്‌. പള്ളിക്കവലയിലെ കുരിശടിയില്‍ സലേഷ്യന്‍ സഭയുടെ വാഹനത്തില്‍ നിന്നിറങ്ങി നേര്‍ച്ചയര്‍പ്പിക്കാന്‍ നടന്നുകയറിയ ഫാ.ടോം ഉഴുന്നാലില്‍ പരിശുദ്ധ കന്യകാമാതാവിനും വിശുദ്ധ അഗസ്‌തീനോസിനും വിശുദ്ധ അല്‍ഫോന്‍സാമ്മയ്‌ക്കും വാഴ്‌ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചനും പേരുപറഞ്ഞ്‌ നന്ദിയര്‍പ്പിച്ചു. കൃതജ്ഞതാബലിയും അര്‍പ്പിച്ചു. നൂറുകണക്കിന്‌ വാഹനങ്ങളുടെ അകമ്പടിയോടെയാണ്‌ രാമപുരത്തേക്ക്‌ നാടൊന്നാകെ ഫാ.ടോം ഉഴുന്നാലിനെ ആനയിച്ചത്‌.