Breaking News

Trending right now:
Description
 
Sep 29, 2017

മുംബൈ റയില്‍വേസ്‌റ്റേഷനില്‍ തിക്കുംതിരക്കും: 22 മരണം

image ശക്തമായ മഴയ്‌ക്കുപിന്നാലെ മുംബൈയ്‌ക്ക്‌ സമീപത്തെ റയില്‍വേസ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട്‌ 22 യാത്രികര്‍ മരിച്ചു. മുപ്പതിലേറെ പേര്‍ക്ക്‌ പരുക്കേറ്റു. മുംബൈയ്‌ക്കു സമീപത്തെ എല്‍ഫിന്‍സ്റ്റണ്‍ ലോക്കല്‍ സ്‌റ്റേഷനിലെ മേല്‍പ്പാലത്തില്‍ രാവിലെ 10.45നായിരുന്നു സംഭവം. എല്‍ഫിന്‍സ്റ്റണ്‍ സ്റ്റേഷനെയും സമീപത്തെ ലോവര്‍ പാരല്‍ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന നടപ്പു പാലത്തിലാണ്‌ തിരക്കും തുടര്‍ന്ന്‌ ദുരന്തവുമുണ്ടായത്‌. രാവിലെ മുംബൈയില്‍ ശക്തമായ മഴ പെയ്‌തിരുന്നു. ഇതോടെ രക്ഷതേടി നിരവധി ആളുകള്‍ കൂട്ടമായി പാലത്തില്‍ കയറിയതാണ്‌ തിരക്കുകൂടാന്‍ ഇടയാക്കിയത്‌. വളരെ ഇടുങ്ങിയ പാലത്തില്‍ കൂടുതല്‍ ആളുകള്‍ തള്ളിക്കയറിയതാണ്‌ മരത്തില്‍ എത്തിച്ച ദുരന്തത്തിനു കാരണമായതെന്നാണ്‌ റിപ്പോര്‍ട്ട്‌. തിരക്കില്‍പെട്ട്‌ നിലത്തുവീണ പലരും ചവിട്ടേറ്റാണ്‌ മരിച്ചത്‌. പരുക്കേറ്റ്‌ ചികിത്സയില്‍കഴിയുന്ന പലരുടെയും നില ഗുരുതരമാണ്‌. മരണസംഖ്യ ഉയരാനാണ്‌ സാധ്യത. സ്റ്റേഷനു സമീപം നിരവധി ഓഫിസുകളും സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതിനാല്‍ നല്ല തിരക്കുള്ള ലോക്കല്‍ സ്‌റ്റേഷനുകളിലൊന്നാണിത്‌. ഇതിനുമുമ്പും ഇവിടെ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. ഇത്രയും ദുരന്തമുണ്ടാകുന്നത്‌ ആദ്യമാണ്‌. മഹാനവമി ദിവസമായതിനാല്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പുറത്തിറങ്ങിയവരാണ്‌ അപകടത്തില്‍പെട്ടതെന്നു കരുതുന്നു. മറ്റുസംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ മരിച്ചവരിലും പരുക്കേറ്റ്‌ ചികിത്സയില്‍കഴിയുന്നവരിലും ഇല്ലെന്നുള്ള റിപ്പോര്‍ട്ടാണ്‌ പുറത്തുവന്നിരിക്കുന്നത്‌. സംഭവത്തെക്കുറിച്ച്‌ റയില്‍വേ അന്വേഷണത്തിന്‌ ഉത്തരവിട്ടു.