Breaking News

Trending right now:
Description
 
Sep 28, 2017

ഫാ.ടോം ഉഴുന്നാലില്‍ ഇന്ത്യയിലെത്തി; പ്രധാനമന്ത്രിയെ കണ്ടു

image യെമനില്‍ ഭീകരരുടെ പിടിയില്‍നിന്നു മോചിതനായ ഫാ.ടോം ഉഴുന്നാലില്‍ ഇന്ത്യയിലെത്തി. റോമില്‍നിന്നു എയര്‍ ഇന്ത്യാ വിമാനത്തില്‍ വ്യാഴാഴ്‌ച രാവിലെ ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലാണ്‌ വന്നിറങ്ങിയത്‌. കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനത്തിന്റെ നേതൃത്വത്തില്‍ എംപിമാരായ കെ.സി.വേണുഗോപാല്‍, ജോസ്‌ കെ.മാണി, ഫരീദാബാദ്‌ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ കുര്യാക്കോസ്‌ ഭരണിക്കുളങ്ങര തുടങ്ങിയവര്‍ ചേര്‍ന്നു അദ്ദേഹത്തെ സ്വീകരിച്ചു. ഇങ്ങനെയൊരു ദിവസം നല്‍കിയ ദൈവത്തിന്‌ ഫാ.ടോം ഉഴുന്നാലില്‍ നന്ദി പറഞ്ഞു. ഞാന്‍ വളരെ സന്തോഷവാനാണ്‌. എല്ലാവരും അവരവര്‍ക്ക്‌ ആകാവുന്ന വിധത്തില്‍ മോചനത്തിനായി ശ്രമിച്ചു. എല്ലാവരോടും നന്ദിയുണ്ട്‌- ഫാ.ടോം വ്യക്തമാക്കി. പത്തരയോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫാ.ടോം ഉഴുന്നാലില്‍ കൂടിക്കാഴ്‌ച നടത്തി. സലേഷ്യന്‍ സഭയുടെ ബാംഗളൂര്‍, ഡല്‍ഹി പ്രൊവിന്‍ഷ്യല്‍മാരും, മന്ത്രി കണ്ണന്താനം, ആര്‍ച്ച്‌ ബിഷപ്‌ മാര്‍ കുര്യാക്കോസ്‌ ഭരണിക്കുളങ്ങര തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പിന്നീട്‌ വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായും ഫാ.ടോം ഉഴുന്നാലില്‍ കൂടിക്കാഴ്‌ച നടത്തി. വൈകിട്ട്‌ പത്രസമ്മേളനത്തില്‍ മാധ്യമങ്ങളോട്‌ അനുഭവങ്ങള്‍ ഉള്‍പ്പെടെ പങ്കുവയ്‌ക്കും. വൈകിട്ട്‌ 6.30ന്‌ സേക്രഡ്‌ ഹാര്‍ട്ട്‌ കത്തീഡ്രലില്‍ കുര്‍ബാന അര്‍പ്പിച്ചശേഷം ഓഖ്‌ല ഡോണ്‍ബോസ്‌കോ ഭവനിലേക്കു മടങ്ങും. വെള്ളിയാഴ്‌ച ബാംഗ്ലൂരില്‍ എത്തുന്ന ഫാ.ടോം ഉഴുന്നാലില്‍ സെന്റ്‌ ജോണ്‍സ്‌ മെഡിക്കല്‍ കോളജില്‍ കര്‍ദിനാള്‍മാരുമായും സിബിസിഐ നേതൃത്വവുമായി കൂടിക്കാഴ്‌ച നടത്തും. ഒക്ടോബര്‍ ഒന്നിനു കൊച്ചിവഴി പാലാ രാമപുരത്തെ വീട്ടിലെത്തും. മുഖ്യമന്ത്രി പിണറായി വിജയനെ പിന്നീട്‌ അദ്ദേഹം സന്ദര്‍ശിക്കുന്നതിനും തീരുമാനമുണ്ട്‌.