Breaking News

Trending right now:
Description
 
Sep 22, 2017

കാഷ്‌മീരില്‍ മന്ത്രിയുടെ വാഹനത്തിനു നേരം ഗ്രനേഡ്‌ ആക്രമണം

image ജമ്മു കാഷ്‌മീര്‍ പൊതുമരാമത്ത്‌ മന്ത്രി നയീം അക്തറും സംഘവും സഞ്ചരിച്ചിരുന്ന വാഹന വ്യൂഹത്തിനു നേരെ ഭീകരര്‍ ഗ്രനേഡ്‌ ആക്രമണം നടത്തി. ട്രാലില്‍വച്ചുണ്ടായ ആക്രമണത്തില്‍ മൂന്നു സാധാരണക്കാര്‍ കൊല്ലപ്പെട്ടു. രണ്ടുപൊലീസുകാര്‍ ഉള്‍പ്പെടെ 32 പേര്‍ക്ക്‌ പരുക്കേറ്റു. മന്ത്രി പരുക്കില്ലാതെ രക്ഷപ്പെട്ടു. ട്രാലിലെ ബസ്‌ സ്റ്റാന്‍ഡില്‍ നടന്ന വികസന പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ മന്ത്രി എത്തിയപ്പോഴാണ്‌ ആക്രമണം ഉണ്ടായത്‌. മന്ത്രിയുടെ വാഹനവ്യൂഹത്തിനു നേരെ ഗ്രനേഡ്‌ എറിയുകയായിരുന്നു. ലക്ഷ്യംതെറ്റിയ ഗ്രനേഡ്‌ പൊട്ടിത്തെറിച്ചാണ്‌ സാധാരണക്കാര്‍ മരിച്ചത്‌. മരിച്ചവരില്‍ ഒരു വിദ്യാര്‍ഥിയുമുണ്ട്‌. ആക്രമണത്തില്‍ തനിക്ക്‌ പരുക്കേറ്റില്ലെങ്കിലും മൂന്നുപേരുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ ദുഖമുണ്ടെന്ന്‌ മന്ത്രി വ്യക്തമാക്കി. ഇതിനിടെ ജമ്മുകാഷ്‌മീരില്‍ എസ്‌എസ്‌ബി ക്യാംപ്‌ ആക്രമിച്ച രണ്ടു തീവ്രവാദികളെ സുരക്ഷാസേന അറസ്റ്റു ചെയ്‌തു. ഇവരില്‍നിന്ന്‌ ആയുധങ്ങളും പിടിച്ചെടുത്തു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരാളെ പിടികൂടാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്‌. ബുധനാഴ്‌ച വൈകുന്നേരമാണ്‌ ക്യാംപിനു നേരെ ആക്രമണം ഉണ്ടായത്‌. ഒരു എസ്‌എസ്‌ബി സേനാംഗം മരിക്കുകയും ഒരാള്‍ക്ക്‌ പരുക്കേല്‍ക്കുകയും ചെയ്‌തിരുന്നു.