Breaking News

Trending right now:
Description
 
Sep 21, 2017

ജയരാജനെതിരെയുള്ള കേസ്‌ അവസാനിപ്പിക്കുന്നു

image മുന്‍ വ്യവസായമന്ത്രി ഇ.പി.ജയരാജനെതിരെയുള്ള ബന്ധുനിയമന കേസ്‌ അവസാനിപ്പിക്കാന്‍ വിജിലന്‍സ്‌ തീരുമാനിച്ചു. ജയരാജന്റെ മന്ത്രിസ്ഥാനം തെറിപ്പിച്ച കേസാണിത്‌. അഴിമതി നിരോധന നിയമപ്രകാരം കേസ്‌ നിലനില്‍ക്കില്ലെന്നു വിജിലന്‍സ്‌ കോടതിയിലെ നിയമോപദേഷ്ടാവ്‌ അന്വേഷണ ഉദ്യോഗസ്ഥനു റിപ്പോര്‍ട്ട്‌ നല്‍കി. കേസ്‌ തുടരാനാവില്ലെന്ന റിപ്പോര്‍ട്ട്‌ മൂന്നുദിവസത്തിനകം വിജിലന്‍സ്‌ കോടതിയില്‍ സമര്‍പ്പിക്കും. ഒപ്പം ഹൈക്കോടതിയേയും തീരുമാനം അറിയിക്കും. കേസിന്റെ കുരുക്കു തീര്‍ന്നാല്‍ ജയരാജന്‍ മന്ത്രിസഭയിലേക്കു തിരിച്ചുവരാനുള്ള സാധ്യതയേറി. 2016 ഒക്ടോബറിലാണ്‌ ഇ.പി.ജരാജിന്റെ ഭാര്യാ സഹോദരി പി.കെ.ശ്രീമതി എംപിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ്‌ ഇന്‍ഡസ്‌ട്രിയല്‍ എന്റര്‍പ്രൈസസ്‌ ലിമിറ്റഡില്‍ എംഡിയായി ഇ.പി.ജയരാജന്‍ മന്ത്രിയായിരിക്കെ നിയമിച്ചത്‌. നിയമനം വിവാദമായതോടെ മൂന്നാംദിവസം റദ്ദാക്കി. പരാതികളുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ്‌ ഡയറക്ടറായിരുന്ന ജേക്കബ്‌ തോമസിന്റെ നിര്‍ദേശപ്രകാരമായിരുന്നു അന്വേഷണം. ഗൂഢാലോചന, സ്വജനപക്ഷപാതം എന്നീ കുറ്റങ്ങള്‍ ജയരാജനെതിരെ ചുമത്തി കേസ്‌ റജിസ്റ്റര്‍ ചെയ്യുകയും ചെയ്‌തു. മന്ത്രിയായി 142-ാം ദിവസമായിരുന്നു വിവാദത്തില്‍പെട്ട ജയരാജന്റെ രാജി. അതേസമയം, താന്‍ ചുമതലയേല്‍ക്കാത്തതിനാല്‍ സര്‍ക്കാരിനു ധനനഷ്ടം സംഭവിച്ചിട്ടില്ലെന്നും അഴിമതിനിരോധന നിയമപ്രകാരം കേസ്‌ നിലനില്‍ക്കില്ലെന്നും കാട്ടി സുധീര്‍ നമ്പ്യാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.