Breaking News

Trending right now:
Description
 
Sep 20, 2017

മെക്‌സിക്കോയില്‍ വന്‍ ഭൂചലനം: മരണം 140

image മെക്‌സിക്കോയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 140 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്‌. നിരവധിപ്പേര്‍ക്ക്‌ പരുക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്‌. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം നടക്കുകയാണ്‌. റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്‌ അനുഭവപ്പെട്ടത്‌. നാല്‍പതിലേറെ കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. ചില കെട്ടിടങ്ങളില്‍ അഗ്നിബാധയുമുണ്ടായി. നിരവധിയാളുകള്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌. ആയിരക്കണക്കിന്‌ ആളുകള്‍ കെട്ടിടങ്ങള്‍ ഉപേക്ഷിച്ച്‌ തെരുവിലേക്ക്‌ ഓടുകയായിരുന്നു. നിരവധി വാഹനങ്ങള്‍ തകര്‍ന്നു. മെക്‌സിക്കോ സിറ്റിക്കടുത്തും മോറെലോലിലുമാണ്‌ ഭൂചലനമുണ്ടായത്‌. സാന്‍ ജുവാന്‍ റബോസോ നഗരത്തില്‍നിന്ന്‌ 31മൈല്‍ വടക്കുകിഴക്ക്‌ മാറിയാണ്‌ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ചൊവ്വാഴ്‌ച ഉച്ചകഴിഞ്ഞ്‌ പ്രാദേശികസമയം 2.15നാണ്‌ രാജ്യത്തെ നടുക്കിയ ഭൂചലനം ഉണ്ടായത്‌. 1985ലെ ഭൂകമ്പത്തില്‍ ആയിരങ്ങള്‍ മരിച്ചതിന്റെ 32-ാം വാര്‍ഷികത്തിലാണ്‌ മറ്റൊരു ഭൂകമ്പം മൊക്‌സിക്കോയെ തകര്‍ത്തത്‌. മെക്‌സിക്കോയിലെ ജനങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ...ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ടാകും-അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപ്‌ ട്വീറ്റ്‌ ചെയ്‌തു.