Breaking News

Trending right now:
Description
 
Sep 17, 2017

വാഹനമുള്ളവര്‍ പട്ടിണിക്കാര്‍ക്കായി നികുതികൊടുക്കണം: കണ്ണന്താനം

image പെട്രോളിയം ഉത്‌പന്നങ്ങളുടെ വിലവര്‍ധനവ്‌ ന്യായികരിച്ച്‌ കേന്ദ്രമന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനം. വിലവര്‍ധനവ്‌ സര്‍ക്കാരിന്റെ മനപൂര്‍വമുള്ള തീരുമാനമായിരുന്നു. ഇതിനെതിരെയുള്ള പ്രതിഷേധങ്ങളെക്കുറിച്ച്‌ നല്ല ബോധ്യമുണ്ട്‌. പെട്രോളും ഡീസലും ഉപയോഗിക്കുന്നത്‌ വാഹനമുള്ളവരാണ്‌. അവര്‍ പട്ടിണികിടക്കുന്നവരല്ല. ഇന്ത്യയില്‍ 30 ശതമാനം പേരും പട്ടിണി കിടക്കുന്നവരാണ്‌. മോദി സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ മുന്‍ഗണന നല്‍കുന്നത്‌ ഇവരുടെ ഉന്നമനത്തിനാണ്‌. പെട്രോള്‍ ഉപയോഗിക്കുന്നവര്‍ അതുകൊണ്ടുതന്നെ നികുതി കൊടുത്തേ മതിയാകൂ- കണ്ണന്താനം പറഞ്ഞു. കേന്ദ്രമന്ത്രിയായി സ്ഥാനമേറ്റശേഷം ആദ്യമായി തിരുവനന്തപുരത്ത്‌ എത്തിയ കണ്ണന്താനം ബിജെപി സംസ്ഥാന കാര്യാലയം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു. രാജ്യത്ത്‌ 67 ശതമാനം ആളുകള്‍ക്കും ശൗചാലയമില്ല. അവര്‍ക്ക്‌ ശൗചാലയങ്ങളും വീടും ദേശീയ പാതകളും നിര്‍മിക്കാനായി കോടിക്കണക്കിന്‌ രൂപ ആവശ്യമാണ്‌. ഈ പണം സമാഹരിക്കാനാണ്‌ പെട്രോളിയത്തിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കുന്നത്‌. പെട്രോളും ഡീസലും ജിഎസ്‌ടിയുടെ കീഴില്‍വന്നാല്‍ തീര്‍ച്ചയായും നികുതി കുറയുമെന്നും കണ്ണന്താനം വ്യക്തമാക്കി. അതേസമയം, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ്‌ കണ്ണന്താനത്തിന്റെ പ്രസ്‌താവന ശുദ്ധ വിവരക്കേടാണെന്ന്‌ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല കുറ്റപ്പെടുത്തി. ബീഫിന്റെ കാര്യത്തില്‍ ഇതേപോലൊരു വിവരക്കേട്‌ അദ്ദേഹം പറഞ്ഞിട്ട്‌ അധികനാളായില്ല. അതു വിവാദമായപ്പോള്‍ താന്‍ തമാശപറഞ്ഞതാണെന്നു പറഞ്ഞു രക്ഷപ്പെടുകയായിരുന്നു. ഇന്ധനവില വര്‍ധിച്ചാല്‍ അതു വാഹനമുള്ളവരെ മാത്രമല്ല ബാധിക്കുന്നതെന്നു അറിയാന്‍ ഐഎഎസ്‌ എടുക്കേണ്ട കാര്യമൊന്നുമില്ലെന്നും രമേശ്‌ ചെന്നിത്തല വ്യക്തമാക്കി.