Breaking News

Trending right now:
Description
 
Sep 14, 2017

ഗൗരി ലങ്കേഷ്‌ വധം: സഹോദരനെ ചോദ്യംചെയ്‌തു

image മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും സംഘപരിവാര്‍ വിമര്‍ശകയുമായിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതക കേസില്‍ സഹോദരനും ചലച്ചിത്ര സംവിധ്യാകനുമായ ഇന്ദ്രജിത്ത്‌ ലങ്കേഷിനെ അന്വേഷണ സംഘം ചോദ്യം ചെയ്‌തു. ഇന്ദ്രജിത്ത്‌ തനിക്കുനേരെ തോക്കുചൂണ്ടിയെന്നു കാണിച്ച്‌ ഗൗരി രണ്ടുവര്‍ഷം മുമ്പ്‌ നല്‍കിയ കേസിനെ കുറിച്ചുള്ള വിവരങ്ങളാണ്‌ ചോദിച്ചത്‌. കഴിഞ്ഞ 17വര്‍ഷമായി ഇരുവരും തമ്മില്‍ സ്വത്തുതര്‍ക്കം നിലനിന്നിരുന്നു. ചോദ്യം ചെയ്യലിനോട്‌ ഇന്ദ്രജിത്ത്‌ സഹകരിക്കാന്‍ തയാറായില്ലെന്നാണ്‌ റിപ്പോര്‍ട്ട്‌. ഗൗരിയുമായുള്ള വഴക്കുകളെക്കുറിച്ചാണ്‌ കൂടുതലും ചോദിച്ചത്‌. പിതാവ്‌ പി.ലങ്കേഷിന്റെ മരണശേഷം അദ്ദേഹം നടത്തിയിരുന്ന ലങ്കേഷ്‌ പത്രികെയുടെ പേരിലായിരുന്നു സഹോദരങ്ങള്‍ തമ്മില്‍ അബിപ്രായ ഭിന്നത ഏറെയും ഉണ്ടായിരുന്നത്‌. ലങ്കേഷിന്റെ മരണശേഷം ഇന്ദ്രജിത്ത്‌ പത്രികെയുടെ മാനേജിങ്‌ ഡയറക്ടറും ഗൗരി എഡിറ്ററുമായിരുന്നു. ഇരുവരും തമ്മിലുള്ള ഭിന്നത രൂക്ഷമായതോടെ ലങ്കേഷ്‌ പത്രികെ വിട്ട ഗൗരി, ഗൗരി ലങ്കേഷ്‌ പത്രികെ എന്ന പ്രതിവാര കന്നഡ ടാബ്ലോയിഡ്‌ ആരംഭിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ചിനാണ്‌ ഗൗരി ലങ്കേഷ്‌ വെടിയേറ്റ്‌ മരിച്ചത്‌. ഗൗരി ലങ്കേഷിന്റെ വധം കന്നട പുരോഗമന സാഹിത്യകാരന്‍ എം.എം.കല്‍ബുര്‍ഗിയുടെ കൊലപാതകവുമായി സാമ്യമുണ്ടെന്നു അന്വേഷണ സംഘം കണ്ടെത്തി. ഇരുവരെയും കൊലപ്പെടുത്താന്‍ ഉപയോഗിച്ച തോക്കും തിരകളും ഒരേ രീതിയിലുള്ളതാണെന്നാണ്‌ കണ്ടെത്തിയിരിക്കുന്നത്‌. സംഭവസ്ഥലത്തുനിന്നു ശേഖരിച്ച ബുള്ളറ്റിന്റെയും തിരകളുടെയും ഫോറന്‍സിക്‌ പരിശോധനയിലാണ്‌ ഇക്കാര്യം വ്യക്തമായത്‌.