Breaking News

Trending right now:
Description
 
Sep 14, 2017

ഭീകരര്‍ മോശമായി പെരുമാറിയില്ലെന്ന്‌ ഫാ.ടോം ഉഴുന്നാലില്‍

image യെമനില്‍നിന്നു തട്ടിക്കൊണ്ടുപോകുകയും ഒന്നരവര്‍ഷം തടവില്‍ കഴിയുകയും ചെയ്‌തിട്ടും തന്നോട്‌ ഭീകരര്‍ മോശമായി പെരുമാറിയിട്ടില്ലെന്നു ഫാ.ടോം ഉഴുന്നാലില്‍ വ്യക്തമാക്കി. പ്രമേഹത്തിനുള്ള മരുന്നുകള്‍ അവര്‍ നല്‍കിയെന്നും തടവറയിലെ അനുഭവങ്ങള്‍ വത്തിക്കാനിലെ സലേഷ്യന്‍ സഭാംഗങ്ങളോടു പങ്കുവയ്‌ക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു. ഒന്നരവര്‍ഷവും ഒരേവസ്‌ത്രമാണ്‌ ധരിച്ചത്‌. ഇതിനിടയില്‍ രണ്ടോ മൂന്നോതവണ തന്നെ സ്ഥലം മാറ്റിയിരുന്നു. ഓരോതവണ കണ്ണു മൂടിക്കെട്ടിയാണ്‌ കൊണ്ടുപോയിരുന്നത്‌. പ്രാര്‍ഥനകള്‍ക്കാണ്‌ കൂടുതല്‍ സമയവും ചെലവഴിച്ചത്‌. ദിവസവും മനസില്‍ കുര്‍ബാന അര്‍പ്പിച്ചിരുന്നു. തട്ടിക്കൊണ്ടുപോയവര്‍ അറബിക്കാണു സംസാരിച്ചിരുന്നതിനാല്‍ ആശയവിനിമയം പലപ്പോഴും ബുദ്ധിമുട്ടായിരുന്നുവെന്നും ഫാ.ഉഴുന്നാലില്‍ പറഞ്ഞു. ഭീകരര്‍ മോചിപ്പിച്ചശേഷം വത്തിക്കാനില്‍ ഫ്രാന്‍സിസ്‌ മാര്‍പാപ്പയെ സന്ദര്‍ശിച്ച്‌ അനുഗ്രഹം തേടാന്‍ എത്തിയതായിരുന്നു അദ്ദേഹം. ഒമാന്റെ സജീവമായ ഇടപെടലിനെ തുടര്‍ന്നായിരുന്നു മോചനം. ഫാ.ഉഴുന്നാലിനെ വൈദ്യപരിശോധനയ്‌ക്ക്‌ വിധേയമാക്കി. അടുത്തദിവസം കേരളത്തിലേക്ക്‌ മടങ്ങുമെന്നാണ്‌ വിവരം. അതേസമയം, ഫാ.ടോം ഉഴുന്നാലിനെ ഭീകരരില്‍നിന്നു മോചിപ്പിച്ച വത്തിക്കാന്‍ ഇടപെടല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നു സിബിസിഐ പ്രസിഡന്റ്‌ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്കാ ബാവ തിരുവനന്തപുരത്ത്‌ വ്യക്തമാക്കി. രാജ്യങ്ങള്‍ തമ്മിലുള്ള സമാധാന ചര്‍ച്ചയ്‌ക്കു വത്തിക്കാന്‍ മുന്‍കൈ എടുക്കുമെന്നല്ലാതെ മോചനശ്രമങ്ങള്‍ നടത്തിയതായി കേട്ടിട്ടില്ല. സലേഷ്യന്‍ സന്യാസ സമൂഹം വത്തിക്കാന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായതിനാലാകണം മാര്‍പാപ്പ ഇടപെട്ടതെന്നു കരുതുന്നതായും കര്‍ദിനാള്‍ പറഞ്ഞു.