Breaking News

Trending right now:
Description
 
Sep 13, 2017

ഫാ.ജോണ്‍ വൈദ്യന്‍ അറ്റ്‌ലാന്റയില്‍ നിര്യാതനായി

image മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ സീനിയര്‍ വൈദികനും സൗത്ത്‌ വെസ്‌റ്റ്‌ അമേരിക്കന്‍ ഭദ്രാസനത്തിലെ അറ്റ്‌ലാന്റ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ഇടവക വികാരിയുമായ ഫാ.ജോണ്‍ കോശി വൈദ്യന്‍ (വൈദ്യന്‍ അച്ചന്‍-67) അറ്റ്‌ലാന്റയില്‍ നിര്യാതനായി. ശനിയാഴ്‌ചയാണ്‌ സംസ്‌കാരം. വെള്ളിയാഴ്‌ച വൈകിട്ട്‌ അഞ്ചുമുതല്‍ എട്ടുവരെ ക്രൊവല്‍ ബ്രദേഴ്‌സ്‌ ഫ്യൂണറല്‍ ഹോമില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവയ്‌ക്കും. ശനിയാഴ്‌ച രാവിലെ എട്ടിന്‌ അറ്റ്‌ലാന്റ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ കുര്‍ബാനയും വിശുദ്ധ മദ്‌ബഹയോട്‌ യാത്ര ചോദിക്കല്‍ ശുശ്രൂഷയും നടക്കും. ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്‌ പ്രധാനകാര്‍മികത്വംവഹിക്കും. 11മണിക്ക്‌ ക്രൊവല്‍ ബ്രദേഴ്‌സ്‌ ഫ്യൂണറല്‍ ഹോമിലാണ്‌ സംസ്‌കാര ശുശ്രൂഷ.
1950 മേയ്‌ ഒന്നിന്‌ കേരളത്തിലെ പുരാതനകുടുംബമായ തേവലക്കരവാഴയില്‍ വൈദ്യന്‍ കുടുംബത്തില്‍ അന്നമ്മ ജോണിന്റെയും പരേതനായ ജോണ്‍ വൈദ്യന്റെയും നാലുമക്കളില്‍ മൂന്നാമനായി കൊട്ടാരക്കര കിവക്കേത്തെരുവ്‌ കടുവാത്തോട്ടത്തില്‍ കുടുംബത്തിലായിരുന്നു ജനനം. 1975-ല്‍ ശെമ്മാശപട്ടവും1984-ല്‍ വൈദികപട്ടവും സ്വീകരിച്ചു. 14വര്‍ഷത്തോളം യുഎഇയിലെ ഫ്യൂജിയ്‌റ, ഖോര്‍, ഫാക്കാന്‍, ഷാര്‍ജ എന്നിവിടങ്ങളില്‍ സേവനം അനുഷ്‌ഠിച്ചു. 1987 മുതല്‍ കൊല്ലം, തിരുവനന്തപുരം ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളില്‍ വികാരിയായി. 2006ല്‍ കുടുംബവുമായി അമേരിക്കയിലേക്ക്‌ കുടിയേറി. മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ അമേരിക്കയിലെ വിവിധ പള്ളികളിലും ഫാ.ജോണ്‍ വൈദ്യന്‍ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. ചെങ്കുളം ക്ലാവറപുത്തന്‍വീട്ടില്‍ കുടുംബാംഗമായ ഏലിയാമ്മയാണ്‌ ഭാര്യ. മക്കള്‍: ജേക്കബ്‌ വൈദ്യന്‍ (ഷിബു), ഡോ.ഷൈനി ജോണ്‍ (ഡാളസ്‌). മരുമക്കള്‍: ജീന തോമസ്‌, ബ്രൈസ്‌ ഏബ്രഹാം (ഡാളസ്‌). കോശി വൈദ്യന്‍ (ചിക്കാഗോ), മറിയാമ്മ ജോര്‍ജ്‌ (ചിക്കാഗോ), ഏലിയാമ്മ തോമസ്‌ (തിരുവനന്തപുരം) എന്നിവര്‍ ഫാ.ജോണ്‍ വൈദ്യന്റെ സഹോദരങ്ങളാണ്‌.