Breaking News

Trending right now:
Description
 
Sep 13, 2017

ഇത്‌ ആഹ്ലാദനിമിഷം....ദൈവത്തിനു നന്ദി

image മലയാളി വൈദികന്‍ ഫാ.ടോം ഉഴുന്നാലിനെ ഭീകരരുടെ തടവറയില്‍നിന്ന്‌ ഒന്നരവര്‍ഷത്തിനുശേഷം രക്ഷിക്കാനായത്‌ കത്തോലിക്കാ സഭാ വിശ്വാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രാര്‍ഥന. അയല്‍രാജ്യങ്ങളായ യെമനും ഒമാനും തുടരുന്ന സുഹൃദ്‌ ബന്ധമാണ്‌ ഫാ.ടോമിന്റെ മോചനത്തിനു വഴിയൊരുക്കിയത്‌. കേന്ദ്ര വിദേശകാര്യമന്ത്രാലയവും വത്തിക്കാനും മോചനത്തിനായി ഒമാന്റെ സഹായം തേടിയിരുന്നു. ഫാ.ടോമിനെ തട്ടിക്കൊണ്ടുപോയ നാള്‍ മുതല്‍ സലേഷ്യന്‍സ്‌ ഓഫ്‌ ഡോണ്‍ ബോസ്‌കോ പ്രൊവിന്‍ഷ്യലിലെ ഉള്‍പ്പെടെയുള്ള വൈദികരും നാടും ഒന്നിച്ച്‌ ഫാ.ടോമിനായുള്ള പ്രാര്‍ഥനയിലായിരുന്നു. ആ പ്രാര്‍ഥനയ്‌ക്കുമുമ്പിലാണ്‌ ഭീകരവാദം മുട്ടുകുത്തിയും ഫാ.ടോം മോചിതനായതും. ഫാ.ടോമിന്റെ മോചനവാര്‍ത്തയറിഞ്ഞ്‌ ബെഗളൂരു ബാനസവാടി റോഡിലെ സലേഷ്യന്‍സ്‌ ഓഫ്‌ ഡോണ്‍ ബോസ്‌കോ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ മധുരപലഹാരം പങ്കിട്ടായിരുന്നു ആഹ്ലാദപ്രകടനം. ജന്മനാടായ രാമപുരവും പാലയുമെല്ലാം മധുരം വിതരണം ചെയ്‌തു. ഇന്ന്‌ പാലാ രൂപതയിലെ ഇടവകകളില്‍ പ്രത്യേക കൃതജ്ഞതാബലിയര്‍പ്പണം നടക്കും. ഈ സദ്‌ വാര്‍ത്തയ്‌ക്ക്‌ ദൈവത്തിനു നന്ദി-ഫാ.ടോം ഉഴുന്നാലിന്റെ മോചനവാര്‍ത്തയറിഞ്ഞ്‌ ഫ്രാന്‍സിസ്‌ മാര്‍പാപ്പ പ്രതികരിച്ചു. ഫാ.ടോമിനെ ബ്ധികളാക്കിയവരുടെ മനസു മാറിയതിലൂടെ തിന്മയുടെമേല്‍ നന്മയുടെ വിജയമാണ്‌ ഉണ്ടായതെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി പറഞ്ഞു. ഫാ.ടോം മോചിപ്പിക്കപ്പെട്ടതില്‍ എല്ലാവരോടും ഭാരത കത്തോലിക്കാ സഭയ്‌ക്ക്‌ നന്ദിയുണ്ടെന്നും മോചനത്തിന്‌ വത്തിക്കാനും ഒമാനും ഇടപെട്ടത്തില്‍ സന്തോഷമുണ്ടെന്നും സിബിസിഐ പ്രസിഡന്റ്‌ കര്‍ദിനാള്‍ ബസേലിയോസ്‌ ക്ലീമീസ്‌ കാതോലിക്കാബാവ പ്രതികരിച്ചു. കഴിഞ്ഞ ക്രിസ്‌മസ്‌ കാലത്ത്‌ ഫാ.ടോമിനെ വധിക്കുമെന്ന പ്രചാരണം നാട്ടില്‍ ആശങ്കപരത്തി. ഇതേതുടര്‍ന്ന്‌ വിവിധ സംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും പ്രാര്‍ഥനാപരിപാടികളും പ്രതിഷേധ യോഗങ്ങളും സംഘടിപ്പിച്ചിരുന്നു.