Breaking News

Trending right now:
Description
 
Sep 13, 2017

മോദി ഭീകരര്‍ക്കായി കാഷ്‌മീര്‍ തുറന്നുകൊടുത്തു: രാഹുല്‍

image ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തിയും കോണ്‍ഗ്രസിന്റെ വീഴ്‌ചകളെ തുറന്നുപറഞ്ഞും കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുമായി നടത്തിയ സംവാദത്തിനിടയിലാണ്‌ രാഹുല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്‌. കാഷ്‌മീര്‍ ഭീകരര്‍ക്ക്‌ തുറന്നുകൊടുക്കുകയും സംഘര്‍ഷം വര്‍ധിപ്പിക്കുകയും ചെയ്‌തത്‌ മോദിയാണ്‌. പിഡിപിയുമായി രാഷ്ട്രീയ കൂട്ടുകെട്ടുണ്ടാക്കിയത്‌ തന്ത്രപരമായ വീഴ്‌ചയാണ്‌. ബിജെപിയുമായി ചേര്‍ന്നതോടെ കാഷ്‌മീരി യുവാക്കളെ രാഷ്ട്രീയത്തിലേക്ക്‌ എത്തിക്കുന്ന പിഡിപിയുടെ ദൗത്യം പരാജയപ്പെട്ടു. ഇതോടെ ഒട്ടേറെ പിഡിപി പ്രവര്‍ത്തകര്‍ ഭീകരരുമായി കൈകോര്‍ത്തു. ചെറിയ രാഷ്ട്രീയ ലാഭത്തിനുവേണ്ടി നടത്തുന്ന ഇത്തരം ഇടപാടുകള്‍ രാജ്യത്തിന്‌ വലിയ പരുക്കേല്‍പ്പിക്കുകയാണെന്നു രാഹുല്‍ഗാന്ധി വ്യക്തമാക്കി. തിരക്കിട്ടു നടപ്പാക്കിയ നോട്ടുനിരോധനവും ജിഎസ്‌ടിയും ഇന്ത്യയുടെ സാമ്പത്തിക മേഖലയ്‌ക്ക്‌ വലിയ തിരിച്ചടിയായി. നോട്ടുനിരോധനത്തെ തുടര്‍ന്ന്‌ ലക്ഷണക്കണക്കിനു ചെറുകിട വ്യവസായങ്ങള്‍ തുടച്ചുനീക്കപ്പെട്ടു. 30,000 യുവാക്കള്‍ ഓരോദിവസവും തൊഴിലിനായി രംഗത്തെത്തുമ്പോള്‍ 500 തൊഴില്‍ അവസരങ്ങള്‍ മാത്രമേ സര്‍ക്കാര്‍ സൃഷ്ടിക്കുന്നുള്ളൂവെന്നു രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി.

കുടുംബവാഴ്‌ച ഇന്ത്യയുടെ പൊതുരീതിയാണെന്നും രാഷ്ട്രീയം മുതല്‍ വ്യവസായംവരെയുള്ള മേഖലകളില്‍ ഇതുണ്ടെന്നും രാഹുല്‍ പറഞ്ഞു. ഇക്കാര്യത്തില്‍ എന്നെമാത്രം ലക്ഷ്യമിടുന്നതു ശരിയല്ല. കുടുംബമഹിമയുടെ പിന്‍ബലമില്ലാത്ത ധാരാളം പേര്‍ പാര്‍ട്ടിയിലുണ്ട്‌. കൂടുതല്‍ യുവാക്കളെ മുഖ്യധാരയിലേക്കും മുന്‍നിരയിലേക്കും എത്തിക്കുയാണ്‌ ലക്ഷ്യം. പാര്‍ട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ പൂര്‍ണമായും ഒരുക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ്‌ 2004-ല്‍ ആവിഷ്‌കരിച്ച നയം 2010 ആയപ്പോഴേക്കും കാലഹരണപ്പെട്ടുവെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. 2012 എത്തിയപ്പോള്‍ ഒരു ധാര്‍ഷ്‌ഠ്യ മനോഭാവമാണ്‌ പാര്‍ട്ടിയെ ബാധിച്ചത്‌. ഇതോടെ ജനങ്ങളുമായി അകന്നു. സംവദിക്കുന്നത്‌ കുറഞ്ഞു. പത്തുവര്‍ഷത്തിലേറെ അധികാരത്തില്‍ തുടരുന്ന ഏതു പാര്‍ട്ടിക്കും ഇതു സംഭവിക്കാമെന്നും രാഹുല്‍ വ്യക്തമാക്കി.