Breaking News

Trending right now:
Description
 
Sep 13, 2017

തടവറയില്‍ 557 ദിവസം: മോചിപ്പിക്കപ്പെട്ട ഫാ.ടോം റോമില്‍

image യെമനില്‍നിന്നു ഐഎസ്‌ ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ പാലാ രാമപുരം സ്വദേശി ഫാ.ടോം ഉഴുന്നാലിന്‌ 557 ദിവസത്തെ തടവറവാസത്തിനുശേഷം മോചനം. ചൊവ്വാഴ്‌ച രാവിലെ ഒമാന്‍സമയം 8.50ന്‌ യെമനില്‍നിന്ന്‌ സൈനിക വിമാനത്തില്‍ ഫാ.ടോമിനെ മസ്‌കത്തില്‍ എത്തിച്ചു. ഏതാനും മണിക്കൂര്‍ വിശ്രമത്തിനുശേഷം അദ്ദേഹത്തെ റോമിലേക്കു കൊണ്ടുപോയി. ഫ്രാന്‍സിസ്‌ മാര്‍പാപ്പയേയും താനുള്‍പ്പെടുന്ന സലേഷ്യന്‍ സഭയുടെ സുപ്പീരിയര്‍ ജനറല്‍ ഏഞ്ചല്‍ ആര്‍തിമെ ഫെര്‍ണാണ്ടസിനെയും ഫാ.ടോം സന്ദര്‍ശിക്കും. ഏതാനും ദിവസം റോമില്‍ തങ്ങിയതിനുശേഷമേ ഇന്ത്യയിലേക്ക്‌ തിരിക്കുകയുള്ളൂ. വത്തിക്കാന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന്‌ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ്‌ ബിന്‍ സെയ്‌ദ്‌ അല്‍ സെയ്‌ദിന്റെ ഉത്തരവനുസരിച്ചാണ്‌ യെമനിലുള്ളവരുമായി ചേര്‍ന്നുള്ള ഇടപെടലിലാണ്‌ ഫാ.ടോമിനെ മോചിപ്പിച്ചതെന്നു ഒമാന്‍ സര്‍ക്കാര്‍ ഔദ്യോഗിക പത്രക്കുറിപ്പില്‍ വ്യക്തമാക്കി. മോചനം സാധ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരും അഖിലേന്ത്യാ കത്തോലിക്കാ മെത്രാന്‍സമിതിയും 18മാസമായി ശ്രമിച്ചുവരുകയായിരുന്നു.

അമ്പത്തിയേഴുകാരനായ ഫാ.ടോമിന്‌ ആരോഗ്യപ്രശ്‌നമുള്ളതിനാല്‍ വിദഗ്‌ധ പരിശോധന ആവശ്യമായേക്കും. മോചിതനായതില്‍ ദൈവത്തിനും തനിക്കുവേണ്ടി പ്രാര്‍ഥിച്ചവര്‍ക്കും ഫാ.ടോം നന്ദിപറഞ്ഞു. ഫാ.ടോമിന്റെ മോചനത്തില്‍ സന്തോഷമുണ്ടെന്നു വാര്‍ത്ത സ്ഥിരീകരിച്ചുകൊണ്ട്‌ വിദേശകാര്യമന്ത്രി സുഷമസ്വരാജ്‌ ട്വീറ്റ്‌ ചെയ്‌തു. ഫാ.ടോമിനെ ഇന്ത്യയിലേക്ക്‌ എപ്പോള്‍ എത്തിക്കുമെന്നതിനു കേന്ദ്രസര്‍ക്കാരിന്‌ വ്യക്തമായ വിശദീകരണമില്ല. ഫാ.ടോമിന്റെ മോചനത്തിന്‌ മോചനദ്രവ്യമായോ അല്ലാതെയോ ഇന്ത്യ പണമൊന്നും നല്‍കിയിട്ടില്ലെന്നു കേന്ദ്രസര്‍ക്കാരിലെ ഉന്നതര്‍ വ്യക്തമാക്കി. ഭീകരര്‍ വന്‍തുക മോചനദ്രവ്യമായി ആവശ്യപ്പെട്ടിരുന്നുവെന്ന്‌ നേരത്തെ റിപ്പോര്‍ട്ട്‌ ഉണ്ടായിരുന്നു. 2016 മാര്‍ച്ച്‌ നാലിന്‌ യെമനിലെ ഏഡനിലുള്ള മിഷനറീസ്‌ ഓഫ്‌ ചാരിറ്റീസിന്റെ വൃദ്ധസദനം ആക്രമിച്ചാണ്‌ ഭീകരര്‍ ഫാ.ടോമിനെ തട്ടിക്കൊണ്ടുപോയത്‌. നാല്‌ കന്യാസ്‌ത്രികളും 12 അന്തേവാസികളും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.