Breaking News

Trending right now:
Description
 
Jan 26, 2013

അവഗണനയില്‍ പ്രതിഷേധം; ജാനകി പത്മഭൂഷണ്‍ നിരസിച്ചു

image ചെന്നൈ: പത്മഭൂഷണ്‍ ബഹുമതി ഗായിക എസ്‌. ജാനകി നിരസിച്ചു. 55 വര്‍ഷമായി പിന്നണി ഗാനരംഗത്ത്‌ പ്രവര്‍ത്തിക്കുന്ന തന്നെ വൈകിയാണ്‌ പുരസ്‌കാരത്തിന്‌ പരിഗണിച്ചതെന്നും ദക്ഷിണേന്ത്യയിലെ കലാകാരന്‍മാരെ പത്മ പുരസ്‌കാരങ്ങളുടെ തെരഞ്ഞെടുപ്പില്‍ നിരന്തരം അവഗണിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ്‌ എസ്‌. ജാനകിയുടെ തീരുമാനം. തന്നെ പുരസ്‌കാരത്തിനായി പരിഗണിച്ചതില്‍ സന്തോഷമുണ്ടെന്നും സര്‍ക്കാരിനോട്‌ ദേഷ്യമില്ലെന്നും അവര്‍ പറഞ്ഞു. വൈകിയെത്തിയ ബഹുമതി പുരസ്‌കാരമായി കാണാനാകില്ല. ജനങ്ങളുടെ സ്‌നേഹവും അംഗീകാരവുമാണ്‌ തനിക്ക്‌ ഏറ്റവും വലുതെന്നും അവര്‍ വ്യക്തമാക്കി. പലഭാഷകളിലായി വ്യത്യസ്‌തമായ നിരവധി ഗാനങ്ങള്‍ താന്‍ പാടി. ഇപ്പോള്‍ 75 വയസായപ്പോഴാണ്‌ തന്നെ ഈ ബഹുമതിക്ക്‌ പരിഗണിക്കുന്നത്‌. ദക്ഷിണേന്ത്യയിലെ പല കലാകരന്‍മേരെയും വളരെ വൈകിയാണ്‌ ഈ പുരസ്‌കാരത്തിന്‌ പരിഗണിച്ചിട്ടുള്ളതെന്നും ഗായിക പി. സുശീലയുടെ അനുഭവം ചൂണ്ടിക്കാട്ടി അവര്‍ പറഞ്ഞു. ഒരു വാര്‍ത്താ ഏജന്‍സിയോടാണ്‌ എസ്‌.ജാനകി പുരസ്‌കാരം നിഷേധിക്കുന്നതായി ആദ്യം പറഞ്ഞത്‌. പിന്നീട്‌ ഒറ്റപ്പാലത്ത്‌ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ അവര്‍ മലയാള മാധ്യമങ്ങളോടും ഇക്കാര്യം ആവര്‍ത്തിച്ചു. അപൂര്‍വമായി മാത്രമേ ദക്ഷിണേന്ത്യന്‍ കലാകാരന്‍മാരെ ഈ ബഹുമതിക്ക്‌ പരിഗണിക്കുന്നുള്ളൂവെന്ന്‌ അവര്‍ ആരോപിച്ചു.