Breaking News

Trending right now:
Description
 
Sep 12, 2017

ഐഎസ്‌ ഭീകരരുടെ താവളത്തില്‍നിന്നു ഫാ.ടോം ഉഴുന്നാലിന്‌ മോചനം

image ആഭ്യന്തരയുദ്ധം രൂക്ഷമായ യെമനില്‍നിന്നു ഐഎസ്‌ ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാ.ടോം ഉഴുന്നാലിനെ മോചിപ്പിച്ചു. വത്തിക്കാന്‍-ഒമാന്‍സര്‍ക്കാര്‍ ഇടപടെലിലാണ്‌ മോചനം. ഒരുകോടി ഡോളര്‍ (ഏകദേശം ഏഴുകോടി രൂപ) മോചനദ്രവ്യമായി നല്‍കിയാണ്‌ മോചിപ്പിച്ചത്‌. ഭീകരര്‍ മൂന്നുകോടി ഡോളറാണ്‌ ആവശ്യപ്പെട്ടിരുന്നത്‌. മസ്‌ക്കറ്റില്‍ രാവിലെ വിമാനമിറങ്ങിയ അദ്ദേഹത്തെ യൂറോപ്പിന്‍ രാജ്യങ്ങളില്‍ എവിടേയ്‌ക്കോ മാറ്റി. തീര്‍ത്തും ക്ഷീണിതനാണ്‌ അദ്ദേഹം. 2016 മാര്‍ച്ച്‌ നാലിനാണ്‌ കോട്ടയം രാമപുരം സ്വദേശിയായ ഫാ.ടോം ഉഴുന്നാലില്‍ ഭീകരരുടെ പിടിയില്‍ പെട്ടത്‌. ഒമാന്‍ സര്‍ക്കാരിന്റെ ഇടപെടലിലാണ്‌ മോചനമെന്നു ഒമാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്‌തു. കേന്ദ്രസര്‍ക്കാരും വാര്‍ത്ത സ്ഥിരീകരിച്ചു. വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ടശേഷം വിദേശകാര്യമന്ത്രി സുഷമസ്വരാജ്‌ ഇതുസംബന്ധിച്ച്‌ സ്ഥിരീകരണം നല്‍കി. നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഫാ.ഉഴുന്നാലിനെ അലട്ടുന്നുണ്ടെന്നാണ്‌ വിവരം. യെമനിലെ ഏദനിലുള്ള മിഷനറീസ്‌ ഓഫ്‌ ചാരിറ്റീസിന്റെ വൃദ്ധസദനം ആക്രമിച്ച്‌ നാലു കന്യാസ്‌ത്രികളെയും നിരവധി അന്തേവാസികളെയും വധിച്ചശേഷമാണ്‌ ഫാ.ടോം ഉഴുന്നാലിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്‌. സലേഷ്യന്‍ സഭാംഗമാണ്‌ അദ്ദേഹം. ഉഴുന്നാലിന്റെ മോചനത്തില്‍ വിവിധ സഭാമേലധ്യക്ഷന്മാര്‍ ഒമാന്‍സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും നന്ദിയറിയിച്ചു. അദ്ദേഹത്തിന്റെ മോചനവിവരം അറിഞ്ഞ്‌ രാമപുരം നിവാസികള്‍ ഒന്നടങ്കം ആഹ്ലാദത്തിലാണ്‌. നാട്‌ ഒത്തൊരുമിച്ച്‌ നടത്തിവന്ന പ്രാര്‍ഥനയ്‌ക്കാണ്‌ ഇപ്പോള്‍ ഫലം കണ്ടത്‌.