Breaking News

Trending right now:
Description
 
Sep 12, 2017

നാദിര്‍ഷ 25000 രൂപ നല്‍കിയെന്ന്‌ പള്‍സര്‍സുനി

image യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ സംവിധായകനും നടനുമായ നാദിര്‍ഷായ്‌ക്കെതിരെ മുഖ്യപ്രതി പള്‍സര്‍സുനിയുടെ മൊഴി. കഴിഞ്ഞദിവസം പൊലീസ്‌ മൊഴിയെടുത്തപ്പോഴാണ്‌ നാദിര്‍ഷയ്‌ക്കെതിരെ സുനി മൊഴിനല്‍കിയത്‌. തൊടുപുഴയില്‍ ഷൂട്ടിങ്‌ സൈറ്റില്‍വച്ചാണ്‌ 25,000 രൂപ നല്‍കിയത്‌. ദിലീപ്‌ നിര്‍മ്മാണ പങ്കാളിയായി നാദിര്‍ഷ സംവിധാനം ചെയ്‌ത കട്ടപ്പനയിലെ ഋത്വിക്‌റോഷന്‍ എന്ന ചിത്രത്തിന്റെ സൈറ്റില്‍വച്ചാണ്‌ പണം കൈമാറിയതെന്നാണ്‌ സുനിയുടെ മൊഴി. ദിലീപിന്റെ നിര്‍ദേശപ്രകാരമാണ്‌ നാദിര്‍ഷ പണം നല്‍കിയതെന്നും പള്‍സര്‍സുനി പറയുന്നു. കഴിഞ്ഞദിവസം നാദിര്‍ഷ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പണം സംബന്ധിച്ച കാര്യങ്ങള്‍ പറയുന്നുണ്ട്‌. ദിലീപ്‌ പറഞ്ഞപ്രകാരം സുനിക്ക്‌ 25000 രൂപ നല്‍കിയെന്ന്‌ പറയാന്‍ പൊലീസ്‌ തന്നെ നിര്‍ബന്ധിക്കുന്നുവെന്നാണ്‌ നാദിര്‍ഷ ജാമ്യഹര്‍ജിയില്‍ വ്യക്തമാക്കുന്നു. താന്‍ പൊലീസ്‌ കസ്റ്റഡിയില്‍ അല്ലെന്നു നാദിര്‍ഷ അറിയിച്ചു. അതേസമയം, ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുമ്പോള്‍ പള്‍സര്‍ സുനിക്കു നടന്‍ ദിലീപുമായി സംസാരിക്കാന്‍ സ്വന്തം ഫോണ്‍ നല്‍കിയ കളമശേരി എആര്‍ ക്യാംപിലെ സിവില്‍ പൊലീസ്‌ ഓഫിസര്‍ അനീഷിനെ ഇന്നലെ സസ്‌പെന്‍ഡ്‌ ചെയ്‌തു. ക്രിമിനല്‍ കേസിലെ പ്രതികളെ സഹായിച്ച കുറ്റത്തിനു അനീഷിനെ അറസ്റ്റു ചെയ്‌ത്‌ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.