Breaking News

Trending right now:
Description
 
Sep 12, 2017

ശ്രുതിലയ താളത്തില്‍ ഗിരീഷിന്റെ വരകള്‍

image ബിസിനസ്‌ ജീവിതത്തിനിടയ്‌ക്കും കലയ്‌ക്കും ചിത്രരചനയ്‌ക്കുമായി സമയം കണ്ടെത്തുന്ന കണ്ണൂര്‍ നീലേശ്വരം സ്വദേശി ഗിരീഷ്‌ നായര്‍ ശ്രദ്ധനേടുന്നു. അമേരിക്കയില്‍ സ്ഥിരതാമസമായിട്ട്‌ 17 വര്‍ഷമായി. ചിത്രരചനയില്‍ പാരമ്പര്യമോ സര്‍വകലാശാല ബിരുദമോ ഇല്ലാത്ത ഗിരീഷിന്റെ മനസിലെവിടെയോ നിറക്കൂട്ടുകള്‍ നൃത്തം വച്ചിരുന്നു. അതിനൊരു താളമുണ്ടായിരുന്നു. അതേ താളത്തിനൊത്താണ്‌ നിറക്കൂട്ടുകളെ ക്യാന്‍വാസുകളിലേക്കു പകര്‍ത്തുന്നത്‌. സന്നദ്ധസംഘടനകള്‍ക്കുവേണ്ടി ധനശേഖരണത്തിനായിട്ടായിരുന്നു ഗിരീഷിന്റെ വരകളില്‍ പലതും. ഡിട്രോയിറ്റ്‌ നഗരത്തില്‍ അയ്യപ്പസേവാസംഘത്തിന്റെ നേതൃത്വത്തില്‍ ഗായകന്‍ പി.ഉണ്ണികൃഷ്‌ണന്റെ രണ്ടരമണിക്കൂര്‍ സംഗീത പരിപാടിക്കിടെ രണ്ടു ക്യാന്‍വാസുകളിലായി പകര്‍ത്തിയ ഗിരീഷിന്റെ ചിത്രം 25,000 ഡോളറിനാണ്‌ (17 ലക്ഷംരൂപ) ലേലത്തിനു പോയത്‌. ലേലത്തുക അയ്യപ്പക്ഷേത്ര നിര്‍മാണത്തിനായി ചിലവഴിക്കുകയും ചെയ്‌തു. ശബരിമല, തിരുമല, കൈലാസം എന്നീ മൂന്നു മലനിരകള്‍ ഉള്‍ക്കൊള്ളുന്ന അര്‍ഥതലങ്ങളോടുകൂടിയതായിരുന്നു ഗിരീഷ്‌ വരച്ച ചിത്രം.

ശിവനും, ഗണപതിയും, ശ്രീകൃഷ്‌ണനും, പറക്കുംകുതിരയും, ആനയുമൊക്കെ ഗിരീഷിന്റെ ഭാവനയില്‍ അതിമനോഹരമായ എണ്ണഛായാചിത്രങ്ങളായി മാറിയിട്ടുണ്ട്‌. ആല്‍ബര്‍ട്ട്‌ ഐന്‍സ്‌റ്റീനും നരേന്ദ്രമോദിയും കമല്‍ഹാസനുമൊക്കെ പെന്‍സിലുകൊണ്ടുവരച്ച ഛായാചിത്രങ്ങളായി. ഗിരീഷിന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം മിഷിഗണില്‍ ഗാനഗന്ധര്‍വന്‍ കെ.ജെ.യേശുദാസ്‌ ഉദ്‌ഘാടനം ചെയ്‌തിരുന്നു. ഉദ്‌ഘാടന ചടങ്ങ്‌ നടന്നയുടന്‍ ഗിരീഷ്‌ വേദിയിലെത്തി യേശുദാസിന്‌ ഒരു സമ്മാനം നല്‍കി. പേനാക്കത്തികൊണ്ട്‌ കോറിയെടുത്ത യേശുദാസിന്റെ മനോഹരചിത്രമായിരുന്നു അത്‌. ബ്രഷുകള്‍ മാത്രമല്ല കത്തിയും വിരലുകളുമൊക്കെ ചിത്രങ്ങള്‍ക്ക്‌ ജീവന്‍ നല്‍കുമെന്ന തിരിച്ചറിവ്‌ ഈ പ്രവാസിചിത്രകാരനെ വ്യത്യസ്‌തനാക്കുന്നു.

മുംബൈ ഐടിഎമ്മില്‍നിന്ന്‌ മാനേജ്‌മെന്റില്‍ ഉന്നതബിരുദംനേടിയശേഷമാണ്‌ ഗിരീഷ്‌ നായര്‍ അമേരിക്കയിലെത്തുന്നത്‌. ഇതിനോടകം വിവിധകമ്പനികളില്‍ ഉന്നതജോലി നോക്കി. സ്‌പെറിഡിയന്‍ ടെക്‌നോളജീസിന്റെ ചീഫ്‌ കോമേഴ്‌സ്യല്‍ ഓഫീസറായിട്ട്‌ ഇപ്പോള്‍ ജോലി നോക്കുന്നു. പ്രമുഖ ഐടി കമ്പനിയായ കമ്പ്യൂടെക്‌ കോര്‍പ്പറേഷന്റെ സീനിയര്‍ വൈസ്‌പ്രസിഡന്റായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. മിഷിഗണിലെ കലാകേന്ദ്രമായ കലാക്ഷേത്രയുടെ സ്ഥാപകരില്‍ ഒരാളായ ഈ മാനേജ്‌മെന്റ്‌ വിദഗ്‌ധന്‍ തിരക്കിട്ട ബിസിനസ്‌ ജീവിതത്തിനിടയിലും കലയ്‌ക്കും ചിത്രരചനയ്‌ക്കും ഏറെ സ്ഥാനമാണ്‌ നല്‍കുന്നത്‌. മലേഷ്യയിലും മറ്റും പ്രദര്‍ശനത്തിന്‌ ക്ഷണമുണ്ട്‌. ഇന്ത്യയില്‍ പ്രത്യേകിച്ച്‌ കേരളത്തില്‍ ചിത്രപ്രദര്‍ശനമാണ്‌ ആഗ്രഹമുണ്ടെന്നും ഗിരീഷ്‌ പറയുന്നു. ഭാര്യഅപര്‍ണ വീട്ടമ്മയാണ്‌. രണ്ടുമക്കള്‍-അപര്‍ണ, മാളവിക. ചിത്രകാരിയും ഗായികയും നര്‍ത്തകിയുമാണ്‌ അപര്‍ണ.