Breaking News

Trending right now:
Description
 
Sep 11, 2017

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ ആരോഗ്യ ഇന്‍ഷുറന്‍സ്‌ നടപ്പാക്കുന്നു

image സംസ്ഥാനത്ത്‌ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ്‌ പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പെന്‍ഷന്‍കാരെയും പദ്ധതിയില്‍ അംഗമാക്കും. ജനുവരി ഒന്നുമുതല്‍ നടപ്പാക്കുന്നതിനാണ്‌ ആലോചന. ആരോഗ്യ ഇന്‍ഷുറന്‍സ്‌ പദ്ധതിയുടെ വിശദമായ ഉത്തരവ്‌ അടുത്തുതന്നെ പുറത്തിറങ്ങും. സ്റ്റേറ്റ്‌ ബാങ്ക്‌ ജീവനക്കാര്‍ക്ക്‌ നടപ്പാക്കിയ മാതൃകയിലായിരിക്കും ഈ പദ്ധതി. മൂന്നുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്‌ നല്‍കാമെന്നാണ്‌ ധനവകുപ്പ്‌ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സര്‍വീസ്‌ സംഘടനകള്‍ അഞ്ചുലക്ഷമാക്കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചിട്ടുണ്ട്‌. ജീവനക്കാര്‍ക്ക്‌ പ്രതിമാസം 300 രൂപ അടയ്‌ക്കേണ്ടിവരും. ഇതു ശമ്പളത്തില്‍നിന്നു പിടിക്കാനാണ്‌ തീരുമാനം. പെന്‍ഷന്‍കാര്‍ക്ക്‌ ഇപ്പോള്‍ ലഭിക്കുന്ന മെഡിക്കല്‍ അലവന്‍സ്‌ തുകയായ 300 രൂപ ഇന്‍ഷുറന്‍സ്‌ പദ്ധതിയിലേക്ക്‌ മാറ്റും. പുതിയതീരുമാനം ജീവനക്കാരും അധ്യാപകരും ഉള്‍പ്പെടെ അഞ്ചരലക്ഷം പേര്‍ക്കും ആറുലക്ഷത്തിലേറെവരുന്ന പെന്‍ഷന്‍കാര്‍ക്കും ബാധകമാകും. ആരോഗ്യ ഇന്‍ഷുറന്‍സ്‌ പദ്ധതി നടപ്പിലാകുന്നതോടെ നിലവിലുള്ള പലിശരഹിത ചികിത്സാ വായ്‌പ നിര്‍ത്തലാക്കും. അംഗത്തിനും കുടുംബത്തിലെ ആശ്രിതര്‍ക്കും അംഗീകൃത ആശുപത്രികളില്‍നിന്നു പണമടയ്‌ക്കാതെ ചികിത്സ തേടാനാകും. നിലവിലുള്ള രോഗങ്ങളും ഇന്‍ഷുറന്‍സ്‌ പരിധിയില്‍വരും. ജീവനക്കാരനോ പെന്‍ഷന്‍കാരനോ ഒപി ചികിത്സകള്‍ക്കും പരിരക്ഷ ലഭിക്കും. പുതിയ പദ്ധതി നടപ്പാക്കുമ്പോള്‍ എത്രതുകവരെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആനുകൂല്യമായി കിട്ടും എന്നതടക്കമുള്ള വിശദാംശങ്ങള്‍ ഇന്‍ഷുറന്‍സ്‌ ഏജന്‍സികളുമായി നടത്തുന്ന ചര്‍ച്ചകള്‍ക്കുശേഷമേ തീരുമാനിക്കുകയുള്ളൂ. പദ്ധതി നടപ്പാക്കാന്‍ തയാറുള്ള ഇന്‍ഷുറന്‍സ്‌ കമ്പനികളെ തിരഞ്ഞെടുക്കുന്നതുള്‍പ്പെടെയുള്ള ഒട്ടേറെകാര്യങ്ങള്‍ മന്ത്രിസഭായോഗം തീരുമാനിക്കേണ്ടതുണ്ട്‌.