Breaking News

Trending right now:
Description
 
Sep 10, 2017

30 ഇനങ്ങള്‍ക്ക്‌ നികുതി കുറച്ചു; ജിഎസ്‌ടി റിട്ടേണ്‍ തീയതി നീട്ടി

image ദോശ-ഇഡ്ഡലിമാവ്‌, പിണ്ണാക്ക്‌ ഉള്‍പ്പെടെ 30 ഇനങ്ങള്‍ക്ക്‌ ചരക്ക്‌ സേവന നികുതി (ജിഎസ്‌ടി) കുറച്ചു. ഹൈദരാബാദില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്‌റ്റിലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജിഎസ്‌ടി കൗണ്‍സില്‍ യോഗത്തിലാണ്‌ തീരുമാനം. അടുക്കള സാമഗ്രികളടക്കം ഇടത്തരക്കാരുടെ നിരവധി നിത്യോപയോഗസാധനങ്ങള്‍ക്കു നികുതി കുറച്ചു. കംപ്യൂട്ടര്‍ മോണിട്ടര്‍, പ്ലാസ്റ്റിക്‌ മഴക്കോട്ട്‌, റബര്‍ ബാന്‍ഡ്‌, ഗ്യാസ്‌ ലൈറ്റര്‍, ചൂരല്‍, അഗര്‍ബത്തി, ബ്രഷുകള്‍, കസ്‌റ്റാര്‍ഡ്‌ പൗഡര്‍, വാളന്‍പുളി, കേക്കുകള്‍ തുടങ്ങിയവയ്‌ക്കും നികുതി കുറയും. 20 ലക്ഷംവരെ വരുമാനമുള്ള കൈത്തൊഴിലാളികളെയും ഖാദി വില്ലേജ്‌ ഇന്‍ഡസ്‌ട്രീസ്‌ കമ്മീഷന്‍വഴി വില്‍ക്കുന്ന ഖാദിവസ്‌ത്രങ്ങളെയും ജിഎസ്‌ടിയില്‍നിന്നു ഒഴിവാക്കിയിട്ടുണ്ട്‌. മേയ്‌ 15നു മുമ്പ്‌ റജിസ്‌ട്രേഷന്‍ റദ്ദാക്കിയ ഭക്ഷ്യ ബ്രാന്‍ഡുകള്‍ക്കു മാത്രം ജിഎസ്‌ടിയില്‍നിന്നു ഇളവു നല്‍കും. ഗവ.കോണ്‍ട്രാക്ടുകള്‍ക്ക്‌ 18 ശതമാനത്തില്‍നിന്നു 12 ശതമാനത്തിലേക്കു ജിഎസ്‌ടി കുറച്ചു. സംസ്ഥാനത്തിനു പുറത്തെ ജോലികള്‍ ഏറ്റെടുത്തു ചെയ്യുമ്പോള്‍ 20 ലക്ഷം രൂപവരെ വിറ്റുവരവിനു റജിസ്‌ട്രേഷന്‍ ഒഴിവാക്കി. ചെറുകാറുകള്‍ക്ക്‌ നികുതിയില്‍ മാറ്റമില്ല. ആഡംബര സെഡാന്‍ കാറുകള്‍ക്ക്‌ അഞ്ചു ശതമാനവും എസ്‌ യുവിക്ക്‌ ഏഴുശതമാനവും ഇടത്തരം കാറുകള്‍ക്ക്‌ രണ്ടു ശതമാനവും വര്‍ധനയുണ്ടായി.

ജൂലൈയിലെ ജിഎസ്‌ടി റിട്ടേണ്‍-1, 2, 3 എന്നിവ സമര്‍പ്പിക്കാനുള്ള സമയം നീട്ടി. ജിഎസ്‌ടി നെറ്റ്‌ വര്‍ക്ക്‌ വേണ്ടത്ര പ്രവര്‍ത്തനക്ഷമമാകാത്തതുമൂലമാണിത്‌. ഈ സാഹചര്യത്തില്‍ നികുതി അടവ്‌ വൈകിയാലുള്ള പിഴയും പലിശയും ഒഴിവാക്കി. 100 കോടി രൂപയിലേറെ വരുമാനമുള്ള കമ്പനികള്‍ ജിഎസ്‌ടിആര്‍-1 ഒക്ടോബര്‍ മൂന്നിനകം സമര്‍പ്പിക്കണം. മറ്റുള്ള കമ്പനികള്‍ക്ക്‌ അവസാനതിയതി ഒക്ടോബര്‍ 10 ആണ്‌. ജിഎസ്‌ടിആര്‍-2 സമര്‍പ്പിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 31ഉം ജിഎസ്‌ടിആര്‍-3 സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 10മാണ്‌.