Breaking News

Trending right now:
Description
 
Sep 09, 2017

കര്‍ണാടകയില്‍ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു

image കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനിയറിങ്‌ കോളജിലെ ഇലക്ട്രോണിക്‌സ്‌ മൂന്നാംവര്‍ഷ വിദ്യാര്‍ഥികളുമായി പഠനയാത്ര പോയ ബസ്‌ കര്‍ണാടകയിലെ ചിക്കമംഗളുരു മാഗഡി അണക്കെട്ടിനു സമീപം മറിഞ്ഞ്‌ രണ്ടു വിദ്യാര്‍ഥിനികള്‍ മരിച്ചു. മുണ്ടക്കയം വരിക്കാനി വളയത്തില്‍ മെറിന്‍ സെബാസ്റ്റ്യന്‍ (20), വയനാട്‌ സുല്‍ത്താന്‍ബത്തേരി കൊടുവട്ടി പുത്തന്‍കുന്ന്‌ പാലിയത്ത്‌മുകളേല്‍ പി.ടി.ജോര്‍ജിന്റെ മകള്‍ ഐറിന്‍ (20) എന്നിവരാണ്‌ മരിച്ചത്‌. പീരുമേട്‌ സ്റ്റേഷനിലെ എഎസ്‌ഐ ദേവസ്യ കുരുവിളയുടെ മകളാണ്‌ മരിച്ച മെറിന്‍. അപകടത്തില്‍ ഇരുപത്‌ പേര്‍ക്ക്‌ പരുക്കേറ്റു. ഇന്നലെ രാത്രി ഒമ്പതോടെയാണ്‌ അപകടം. എതിരേവന്ന ട്രാക്ടറിനു സൈഡ്‌ കൊടുക്കുന്നതിനിടെ റോഡില്‍നിന്നു തെന്നിമാറിയ ബസ്‌ നിയന്ത്രണംവിട്ട്‌ താഴ്‌ചയിലേക്കു പതിക്കുകയായിരുന്നു. മൂന്നുതവണ മലക്കംമറിഞ്ഞാണ്‌ ബസ്‌ താഴേക്കു പതിച്ചത്‌. കനത്തമഴയെ തുടര്‍ന്നാണ്‌ ബസ്‌ റോഡില്‍നിന്നു തെന്നിനീങ്ങാന്‍ കാരണമായത്‌. വിദ്യാര്‍ഥികളുടെ നിലവിളി കേട്ട്‌ എത്തിയ നാട്ടുകാര്‍ ആദ്യം രക്ഷാപ്രവര്‍നം ആരംഭിച്ചപ്പോഴേക്കും പൊലീസും എത്തി. കഴിഞ്ഞ ചൊവ്വാഴ്‌ച 70 വിദ്യാര്‍ഥികള്‍ രണ്ടു ബസുകളിലായാണ്‌ പഠനയാത്രയ്‌ക്ക്‌ പോയത്‌. മൈസൂര്‍, കുടക്‌, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ്‌ ബസ്‌ ചിക്കമംഗളുരുവില്‍ എത്തിയത്‌. ഞായറാഴ്‌ച മടങ്ങിയെത്താനിരിക്കെയാണ്‌ അപകടം.