Breaking News

Trending right now:
Description
 
Sep 09, 2017

കടകംപള്ളിയുടെ ചൈനയാത്രയ്‌ക്ക്‌ കേന്ദ്രം അനുമതി നിഷേധിച്ചു

image ചൈനയിലെ പെങ്‌ഡുവില്‍ ഈമാസം 11 മുതല്‍ 16വരെ നടക്കുന്ന വേള്‍ഡ്‌ ടൂറിസം ഓര്‍ഗനൈസേഷന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‌ കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചു. യുഎന്‍ ഏജന്‍സിയായ വേള്‍ഡ്‌ ടൂറിസം ഓര്‍ഗനൈസേഷന്റെ 22-ാമത്‌ ജനറല്‍ അസംബ്ലിയാണിത്‌. ഇന്ത്യയില്‍നിന്നു ക്ഷണം ലഭിച്ച ഏക ടൂറിസം മന്ത്രിയാണ്‌ കടകംപള്ളി. മറ്റ്‌ സംഘാംഗങ്ങള്‍ കേരളത്തില്‍നിന്നും കേന്ദ്രത്തില്‍നിന്നുമുള്ള ഉദ്യോഗസ്ഥരാണ്‌. ഇക്കഴിഞ്ഞ ജൂണ്‍ ഒമ്പതിനാണ്‌ വേള്‍ഡ്‌ ടൂറിസം ഓര്‍ഗനൈസേഷന്റെ സെക്രട്ടറി ജനറലിന്റെ ഓഫിസില്‍നിന്നു മന്ത്രിക്ക്‌ ക്ഷണക്കത്ത്‌ ലഭിച്ചത്‌. മന്ത്രിക്ക്‌ ഒരു സംവാദ പരിപാടി ഉണ്ടെന്നും അറിയിച്ചിരുന്നു. തുടര്‍ന്ന്‌ യാത്രാനുമതിക്കായി ഓഗസ്‌റ്റില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചു. വ്യാഴാഴ്‌ചയാണ്‌ അനുമതി നിഷേധിച്ചതായി മന്ത്രിയുടെ ഓഫിസില്‍ വിവരം ലഭിച്ചത്‌. കേരളം നടപ്പാക്കുന്ന ഉത്തരവാദിത്ത വിനോദസഞ്ചാര പദ്ധതികള്‍ക്ക്‌ നേരത്തെ ഡബ്ല്യുടിഒയുടെ അംഗീകാരം ലഭിച്ചിരുന്നു. സമ്മേളനത്തിനിടെ ഡബ്ല്യുടിഒ സെക്രട്ടറി ജനറലിനു മുന്നില്‍ കേരളത്തിന്റെ പദ്ധതികള്‍ അവതരിപ്പിക്കാന്‍ അവസരവും ലഭിച്ചിരുന്നു. ഇതാണ്‌ ഇപ്പോള്‍ കേന്ദ്രം തട്ടിത്തെറിപ്പിച്ചിരിക്കുന്നത്‌. അനുമതി നിഷേധിച്ചതിനു പിന്നില്‍ രാഷ്ട്രീയപ്രേരിതമാണെന്നു സംശയിക്കുന്നതായി മന്ത്രി വ്യക്തമാക്കി. അതേസമയം, തീരുമാനം പുനപരിശോധിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക്‌ കത്തയച്ചു.