Breaking News

Trending right now:
Description
 
Sep 08, 2017

വിമാനയാത്രികന്‍ വിഴുങ്ങിയ സ്വര്‍ണഗോളങ്ങള്‍ മൂന്നാംദിവസം പുറത്തെത്തി

image ഏഴു സ്വര്‍ണ ഉരുളകള്‍ വിഴുങ്ങി കടത്താന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ വിമാനയാത്രികന്‌ സ്വര്‍ണവും നഷ്ടമായി കേസിലും പെട്ടു. കൊടുവള്ളി സ്വദേശി നവാസാണ്‌ കേസില്‍ പെട്ടത്‌. മൂന്നുദിവസം മുമ്പ്‌ അബുദാബിയില്‍നിന്നു കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ നവാസിനെ എയര്‍ കസ്റ്റംസ്‌ ഇന്റലിജന്‍സ്‌ വിഭാഗം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. എക്‌സ്‌റേ പരിശോധനയില്‍ നവാസിന്റെ വന്‍കുടലിന്റെ താഴെഭാഗത്ത്‌ ഏഴു ലോഹഭാഗങ്ങള്‍ കണ്ടെത്തി. ഇതു സ്വര്‍ണമാണെന്നു തിരിച്ചറിഞ്ഞ്‌ കസ്‌റ്റംസ്‌ കോഴിക്കോട്‌ മെഡിക്കല്‍കോളജ്‌ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട്‌ പ്രത്യേക ചികിത്സയും മുറിയും ഒരുക്കികൊടുത്ത്‌ കാത്തിരിക്കുകയായിരുന്നു. മുറിയില്‍ പ്രത്യേക ശുചിമുറിയും ഒരുക്കിയിരുന്നു. ഇന്നലെ ഉച്ചയോടെ മലത്തോടൊപ്പം സ്വര്‍ണഗോളങ്ങളും പുറത്തെത്തി. തുടര്‍ന്ന്‌ ഇയാള്‍ക്കെതിരെ കേസ്‌ എടുത്തു. 7.8 ലക്ഷം രൂപയുടെ 260 ഗ്രാം സ്വര്‍ണമാണ്‌ ലഭിച്ചത്‌. അബുദാബിയില്‍നിന്നു സ്വര്‍ണം വിഴുങ്ങിയാണ്‌ എത്തിയതെന്നാണ്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്‌. ഇതുസംബന്ധിച്ച്‌ കൂടുതല്‍ അന്വേഷണം ആരംഭിച്ചു.