Breaking News

Trending right now:
Description
 
Sep 08, 2017

ഒരുദിവസം മൂന്നു ട്രെയിനുകള്‍ പാളം തെറ്റി

image പുതിയ റെയില്‍വേ മന്ത്രി ചുമതലയേറ്റതിനു പിന്നാലെ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ഇന്നലെ മൂന്നു ട്രെയിനുകള്‍ പാളം തെറ്റി. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനു സമീപം റാഞ്ചിയില്‍നിന്നുള്ള രാജധാനിയും, യുപിയിലെ സോണഭദ്ര ജില്ലയില്‍ ഹൗറ-ജബല്‍പുര്‍ ശക്തിപുഞ്ച്‌ എക്‌സ്‌പ്രസും, മഹാരാഷ്ട്രയില്‍ ലോണാവാലയ്‌ക്കടുത്തു ഖണ്ഡാലയില്‍ ചരക്കു ട്രെയിനിന്റെ രണ്ടു വാഗണുകളുമാണ്‌ പാളം തെറ്റിയത്‌. അപകടങ്ങളില്‍ ആര്‍ക്കും ജീവഹാനി ഉണ്ടായതായും കാര്യമായി പരുക്കേറ്റതായും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല. ന്യൂഡല്‍ഹി സ്റ്റേഷനിലേക്കു പ്രവേശിക്കുന്നതിനിടെ രാവിലെ 11.45നാണ്‌ രാജധാനി പാളം തെറ്റിയത്‌. എന്‍ജിനും പവര്‍കാറും പാളത്തിനു വെളിയിലായി. ഓബ്ര ഡാം സ്‌റ്റേഷനടുത്താണ്‌ ശക്തിപുഞ്ചിന്റെ ഏഴു ബോഗികള്‍ പാളം തെറ്റിയത്‌. രാവിലെ 6.25നായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന്‌ മുംബൈ-കന്യാകുമാരി ജയന്തി ജനത, കല്യാണ്‍-ഇഗത്‌പുരി-മന്‍മഡ്‌-ദൗണ്ഡ്‌ വഴി തിരിച്ചുവിട്ടു. ഒരു മാസത്തിനുളളില്‍ മൂന്നാമത്തെ ട്രെയിന്‍ അപകടമാണ്‌ യുപിയിലേത്‌. ഓഗസ്‌റ്റ്‌ 19നു മുസഫര്‍ നഗറില്‍ കലിംഗ എക്‌സ്‌പ്രസ്‌ അപകടത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടിരുന്നു. യുപിയില്‍ തുടര്‍ച്ചയായി നടന്ന അപകടങ്ങളുടെ പശ്ചാത്തലത്തില്‍ വകുപ്പുമന്ത്രി സുരേഷ്‌ പ്രഭുവിനെ മാറ്റിയിരുന്നു. പകരം റെയില്‍വേ മന്ത്രിയായി പിയൂഷ്‌ ഗോയല്‍ ചുമതലയേറ്റതിനു പിന്നാലെയാണ്‌ ഒരുദിവസം മൂന്ന്‌ അപകടങ്ങള്‍ ഉണ്ടായത്‌. ഇത്‌ വീണ്ടും ചര്‍ച്ചയായിട്ടുണ്ട്‌.