Breaking News

Trending right now:
Description
 
Sep 08, 2017

മുംബൈ സ്‌ഫോടന പരമ്പര കേസ്‌: രണ്ടു പ്രതികള്‍ക്ക്‌ വധശിക്ഷ

image മുംബൈയില്‍ പന്ത്രണ്ട്‌ ഇടങ്ങളിലായി ഒരേദിവസം നടത്തിയ സ്‌ഫോടന പരമ്പരകളില്‍ 257 പേര്‍ മരിക്കുകയും 713 പേര്‍ക്ക്‌ ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്‌ത കേസില്‍ രണ്ടു പ്രതികള്‍ക്കു ടാഡ കോടതി വധശിക്ഷവിധിച്ചു. ഫിറോസ്‌ അബ്ദുല്‍ റഷീദ്‌ ഖാന്‍, താഹിര്‍ മെര്‍ച്ചന്റ്‌ എന്നിവര്‍ക്കാണ്‌ വധശിക്ഷ. ഗൂഢാലോചനയ്‌ക്കു തുടക്കമിട്ടവരില്‍ ഒരാളാണ്‌ താഹിര്‍ എന്നു കോടതി വിലയിരുത്തി. മുന്നൊരുക്കങ്ങള്‍ക്ക്‌ ഫിറോസ്‌ പ്രധാന പങ്കുവഹിച്ചുവെന്നും കോടതി കണ്ടെത്തി. സ്‌ഫോടനത്തിന്റെ ബുദ്ധികേന്ദ്രങ്ങളിലൊരാളായ അധോലോക നായകന്‍ അബു സലേമിനും കൂട്ടുപ്രതി കരീമുല്ല ഖാനും ജീവപര്യന്തം ശിക്ഷയും മറ്റൊരു പ്രതി അബു റിയാസ്‌ സിദ്ദിഖിന്‌ 10 വര്‍ഷം തടവുമാണ്‌ കോടതി വിധിച്ചത്‌. അധോലോക കുറ്റവാളി ദാവൂദ്‌ ഇബ്രാഹിമിന്റെ അടുത്ത കൂട്ടാളിയാണ്‌ അബു സലേം. ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവര്‍ രണ്ടുലക്ഷംരൂപവീതം പിഴയൊടുക്കുകയും വേണം. കുറ്റകരമായ ഗൂഢാലോചന, രാജ്യത്തിനെതിരെ യുദ്ധംചെയ്യല്‍, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ്‌ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്‌. മറ്റൊരുപ്രതി അബ്ദുല്‍ ഖയൂമിനെ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചു. 1993ലാണ്‌ കേസിനാസ്‌പദമായ സംഭവം ഉണ്ടായത്‌. പത്തുവര്‍ഷം മുമ്പ്‌ പൂര്‍ത്തിയായ ഒന്നാംഘട്ട വിചാരണയില്‍ 100 പ്രതികളെ കോടതി ശിക്ഷിച്ചു. ആദ്യഘട്ട വിചാരണയില്‍ വധശിക്ഷയ്‌ക്കുവിധിക്കപ്പെട്ട മുഖ്യ സൂത്രധാരന്‍ യാക്കൂബ്‌ മേമനെ രണ്ടുവര്‍ഷം മുമ്പ്‌ തൂക്കിലേറ്റിയിരുന്നു.