Breaking News

Trending right now:
Description
 
Sep 07, 2017

ഗൗരി ലങ്കേഷിന്റെ കൊലപാതകം: ഒരാള്‍ കസ്റ്റഡിയില്‍; അന്വേഷണം പ്രത്യേകസംഘത്തിന്‌

image വീട്ടുമുറ്റത്ത്‌ കൊലയാളി സംഘത്തിന്റെ ആക്രമണത്തില്‍ ഗൗരി ലങ്കേഷ്‌ കൊല്ലപ്പെട്ട സംഭവത്തില്‍ ചിക്കമഗളൂരു സ്വദേശിയായ സന്ദീപിനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. സമൂഹമാധ്യമത്തിലൂടെ ഗൗരിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തുകയും വധഭീഷണി മുഴക്കുകയും ചെയ്‌ത ഇയാള്‍ അടുത്തിടെ ബെംഗളൂരുവില്‍ എത്തിയതാണ്‌ സംശയത്തിന്‌ ഇടയാക്കിയതും കസ്റ്റഡിയില്‍ എടുത്തതും. രണ്ടുമാസം മുമ്പ്‌ നഷ്ടപ്പെട്ട ഫോണ്‍ ബെംഗളൂരുവിലാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന്‌ എത്തിയതായിരുന്നുവെന്നാണ്‌ ഇയാളുടെ മൊഴി. ആറുമാസത്തിനിടെ ഗൗരിയെ ട്വിറ്ററില്‍ പിന്തുടര്‍ന്നവരെയും മോശം പരാമര്‍ശം നടത്തിയവരെയും പൊലീസ്‌ നിരീക്ഷിച്ചുവരുകയാണ്‌. സംഭവവുമായി ബന്ധപ്പെട്ട്‌ നാലുപേരെ പൊലീസ്‌ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്‌തുവരുകയാണെന്നും സൂചനയുണ്ട്‌. കൊലപാതകം അന്വേഷിക്കാന്‍ ഇന്റലിജന്‍സ്‌ ഐജി ബി.കെ.സിങിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിനു കര്‍ണാടക സര്‍ക്കാര്‍ രൂപം നല്‍കി. എന്നാല്‍, കുടുംബാംഗങ്ങളുടെ ആവശ്യം പരിഗണിച്ച്‌ സിബിഐ അന്വേഷണത്തോട്‌ തുറന്ന മനസാണുള്ളതെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.