Breaking News

Trending right now:
Description
 
Sep 07, 2017

വീട്ടമ്മ ജീവനോടെ ഒന്നരമണിക്കൂറോളം മൊബൈല്‍ മോര്‍ച്ചറിയില്‍

image മരിച്ചെന്നുകരുതി വീട്ടുകാരും ബന്ധുക്കളും ഒന്നരമണിക്കൂറോളം മൊബൈല്‍ മോര്‍ച്ചറിയില്‍ വച്ച വീട്ടമ്മ കണ്ണുതുറന്നു. ഇതുകണ്ട്‌ ബന്ധുക്കള്‍ വീണ്ടും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മണിക്കൂറുകള്‍ കഴിഞ്ഞ്‌ മരണത്തിന്‌ കീഴടങ്ങി. വണ്ടന്‍മേട്‌ പഞ്ചായത്ത്‌ ഒന്നാം വാര്‍ഡില്‍ പുതുവല്‍ കോളനിയില്‍ മുനിസ്വാമിയുടെ ഭാര്യ രത്‌നമാണ്‌ (51) പുനര്‍ജനിച്ചുവെന്ന പ്രതീക്ഷ ബന്ധുക്കള്‍ക്ക്‌ നല്‍കി പിന്നീട്‌ മരണത്തിനു കീഴടങ്ങിയത്‌. ഇരുപത്‌ ദിവസം മുമ്പ്‌ ഏലത്തോട്ടം തൊഴിലാളിയായ രത്‌നം മഞ്ഞപ്പിത്തവും വയര്‍വേദനയും ബാധിച്ച്‌ മധുരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന്‌ മധുര മീനാക്ഷി മെഡിക്കല്‍കോളജ്‌ ആശുപത്രിയിലേക്കും അവിടെനിന്നു മധുര വേലമ്മാള്‍ മെഡിക്കല്‍കോളജിലേക്കും മാറ്റി.തിരുവോണദിവസം രത്‌നം അബോധാവസ്ഥയിലായി. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്‌ ജീവന്‍ നിലനിര്‍ത്തിയിരുന്നത്‌. ആറുമണിക്കൂറില്‍ കൂടുതല്‍ ജീവിച്ചിരിക്കില്ലെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതുകയും ചെയ്‌തു. ഇതോടെ വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സില്‍ രത്‌നത്തെ വണ്ടന്‍മേട്ടിലെ വീട്ടിലെത്തിച്ചു. വെന്റിലേറ്റര്‍ മാറ്റി രത്‌നത്തിനെ പുറത്ത്‌ എത്തിച്ചതോടെ അനക്കമില്ലായിരുന്നു. മരിച്ചുവെന്നുകരുതി വീട്ടുകാരും ബന്ധുക്കളും മൊബൈല്‍ മോര്‍ച്ചറി വരുത്തി അതില്‍ കിടത്തി സംസ്‌കാര നടപടികള്‍ ആരംഭിച്ചു. ഒന്നരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ രത്‌നത്തിന്റെ കണ്ണില്‍നിന്നു കണ്ണുനീരും വായില്‍നിന്നു നുരയും പതയും വരുന്നത്‌ മൊബൈല്‍ മോര്‍ച്ചറിക്കു സമീപം ഇരുന്നവര്‍ കണ്ടു. ഇവര്‍ ഉടനെ പൊലീസിനെ വിളിച്ചുവരുത്തി. ആശങ്കയിലായ ബന്ധുക്കള്‍ പൊലീസ്‌ സാന്നിധ്യത്തില്‍ രത്‌നത്തെ ചേറ്റുകുഴിയിലെ ആശുപത്രിയില്‍ എത്തിച്ചു. പരിശോധനയില്‍ ജീവനുണ്ടെന്നു കണ്ടെത്തി. വിദഗ്‌ധചികിത്സയ്‌ക്ക്‌ ഇന്നലെ രാവിലെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക്‌ മാറ്റി. വൈകിട്ട്‌ ആറരയ്‌്‌ക്ക്‌ ര്‌തനം മരണത്തിന്‌ കീഴടങ്ങി.