Breaking News

Trending right now:
Description
 
Sep 07, 2017

ഗൗരി ലങ്കേഷിന്റെ കൊലപാതകം: രാജ്യമെങ്ങും വന്‍ പ്രതിഷേധം

image ബെംഗളുരു രാജരാജേശ്വര നഗറിലെ വസതിയില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവച്ചു കൊലപ്പെടുത്തിയതില്‍ രാജ്യമെങ്ങും വന്‍ പ്രതിഷേധം. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ നൂറുകണക്കിന്‌ ആളുകള്‍ മെഴുകുതിരി പ്രയാണം നടത്തി. ഗൗരിക്കു മരണമില്ലെന്നു രേഖപ്പെടുത്തിയ പ്ലക്കാര്‍ഡുകളുമായി പ്രതിഷേധക്കാര്‍ ഇന്ത്യാഗേറ്റില്‍ സംഗമിച്ചു. രാജ്യത്തെ മറ്റുനഗരങ്ങളിലും കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലും മാധ്യമപ്രവര്‍ത്തകരും വിവിധ സംഘടനകളും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. ബിജെപിയുടെയും സംഘ്‌പരിവാറിന്റെയും തുറന്ന വിമര്‍ശകയായ ഗൗരിലങ്കേഷിനെ ബൈക്കിലെത്തിയ അജ്ഞാചസംഘമാണ്‌ വെടിവച്ച്‌ വീഴ്‌ത്തിയത്‌. പത്രസ്വാതന്ത്ര്യത്തിനും പുരോഗമന ആശയങ്ങള്‍ക്കുംവേണ്ടി ഉറച്ചനിലപാടാണ്‌ ഗൗരി സ്വീകരിച്ചിരുന്നത്‌. ടെയോട്ട എറ്റിയോസ്‌ കാര്‍ വീടിന്റെ പോര്‍ച്ചില്‍ പാര്‍ക്ക്‌ ചെയ്‌തശേഷം നടന്നുനീങ്ങിയ ഗൗരിയെ ഹെല്‍മറ്റ്‌ ധരിച്ചെത്തിയ ഒരാള്‍ വെടിവയ്‌ക്കുന്ന ദൃശ്യം സിസിടിവി കാമറയില്‍നിന്നു ലഭിച്ചിട്ടുണ്ട്‌. ചൊവ്വാഴ്‌ച രാത്രിയിലാണ്‌ സംഭവം. മൂന്നുതവണ വെടിയേറ്റ ഗൗരി വീടിനുള്ളിലേക്കു ഓടിപ്പോകാന്‍ ശ്രമിക്കുന്നതായും പെട്ടെന്നു നിലത്തുവീഴുന്നതും ദൃശ്യത്തില്‍നിന്നു പൊലീസിനു ലഭിച്ചു. ബൈക്കില്‍ മൂന്നുപേരാണ്‌ എത്തിയത്‌. ബൈക്കിന്റെ നമ്പര്‍പ്ലേറ്റ്‌ ദൃശ്യത്തില്‍ വ്യക്തമല്ല. അന്വേഷണത്തിനു പ്രത്യേ സംഘത്തെ നിയോഗിച്ചിട്ടുണ്ട്‌. ഗൗരി ലങ്കേഷിന്റെ സംസ്‌കാരം ചാമരാജ്‌പേട്ട്‌ ശ്‌മശാനത്തില്‍ മതചടങ്ങുകളില്ലാതെ ഔദ്യോഗിക ബഹുമതികളോടെ നടന്നു. രവീന്ദ്ര കലാക്ഷേത്രത്തില്‍ പൊതുദര്‍ശനത്തിനു വച്ചശേഷമായിരുന്നു സംസ്‌കാരം. ആയിരങ്ങള്‍ പങ്കെടുത്തു.