Breaking News

Trending right now:
Description
 
Sep 06, 2017

എയര്‍ ഇന്ത്യയുടെ വിമാനം ഓടയില്‍ അകപ്പെട്ടു

image അബുദാബിയില്‍നിന്നു നെടുമ്പാശേരിയിലെത്തിയ എയര്‍ ഇന്ത്യ എക്‌സ്‌പ്രസിന്റെ ഐഎക്‌സ്‌ 452 വിമാനം വിമാനത്താവളത്തിന്റെ ഓടയില്‍ അകപ്പെട്ടു. വേഗം കുറവായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ചൊവ്വാഴ്‌ച പുലര്‍ച്ചെയാണ്‌ സംഭവം. റണ്‍വേയെ ഏപ്രണുമായി ബന്ധിപ്പിക്കുന്ന ടാക്‌സിവേയിലേക്കു കടക്കുന്നതിനിടെ മുന്‍വശത്തെ ചക്രങ്ങള്‍ ഓടിയിലേക്കു കൂപ്പുകുത്തുകയായിരുന്നു. രണ്ട്‌ എന്‍ജിനുകളും നിലത്തുരഞ്ഞു. വിമാനത്തിന്റെ കീഴ്‌ഭാഗങ്ങളും നിലത്തമര്‍ന്നു. വിമാനത്തിനകത്ത്‌ ആഘാതം അനുഭവപ്പെട്ടു. തെറ്റായ ദിശയില്‍ വിമാനം തിരിഞ്ഞതാണ്‌ അപകടകാരണമായത്‌. 102 യാത്രക്കാരും ആറു ജീവനക്കാരും പരുക്കില്ലാതെ രക്ഷപ്പെട്ടു. ആഭ്യന്തര ടെര്‍മിനലില്‍ സാധാരണ ഉപയോഗിക്കുന്ന ഏണി ഉപയോഗിച്ചാണ്‌ എല്ലാവരും പുറത്തിറങ്ങിയത്‌. മറ്റ്‌ സര്‍വീസുകള്‍ക്ക്‌ തടസമുണ്ടായില്ല. പുലര്‍ച്ചെ ശക്തമായ കാറ്റും മഴയും മൂലം വനിതാ പൈലറ്റിനു കാഴ്‌ചക്കുറവ്‌ സംഭവിച്ചതാണ്‌ കൈപ്പിഴയ്‌ക്ക്‌ കാരണമായതെന്നു എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ അധികൃതര്‍ പിന്നീട്‌ വ്യക്തമാക്കി. ഇതുസംബന്ധിച്ച്‌ വിശദമായ അന്വേഷണവും തെളിവെടുപ്പും പൂര്‍ത്തിയാക്കുമെന്നു അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്‌. വിമാനത്തില്‍ ബാഗേജ്‌ കയറ്റിയ ഭാഗത്തെ ഒരു വാതില്‍ തുറക്കാന്‍ കഴിഞ്ഞില്ല. പുറത്തേക്കിറക്കാന്‍ വൈകിയ ബാഗുകള്‍ യാത്രക്കാരുടെ വീടുകളില്‍ എത്തിക്കുമെന്നു അധികൃതര്‍ അറിയിച്ചു.