Breaking News

Trending right now:
Description
 
Sep 06, 2017

വീടിനു മുമ്പില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയെ വെടിവച്ചു കൊന്നു

image ബെംഗളൂരു രാജരാജേശ്വര നഗറിലെ വീടിനു മുമ്പില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ (55) കാറിലെത്തിയ സംഘം വെടിവച്ചു കൊലപ്പെടുത്തി. ചൊവ്വാഴ്‌ച രാത്രി എട്ടിനാണ്‌ സംഭവം. ബാനസവാടിയിലെ ഓഫിസില്‍നിന്നു ഏഴരയോടെ ഇറങ്ങിയ ഗൗരി ലങ്കേഷിനെ മൂന്നംഗ സംഘം കാറില്‍ പിന്തുടരുകയായിരുന്നു. വീട്ടിലെത്തിയ ഗൗരി കാര്‍ പാര്‍ക്കുചെയ്‌തശേഷം വീടിന്റെ വാതില്‍ തുറക്കുന്നതിനിടെയാണ്‌ വെടിയേറ്റത്‌. തലയ്‌ക്കും നെഞ്ചിലും വെടിയേറ്റ ഗൗരി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. അക്രമികള്‍ ഏഴുതവണ നിറയൊഴിച്ചതായി പൊലീസ്‌ കണ്ടെത്തി. മൂന്നെണ്ണം ഗൗരിയുടെ ശരീരത്തും നാലെണ്ണം ലക്ഷ്യംതെറ്റി വീടിന്റെ ഭിത്തിയിലും തറച്ചു. കന്നഡ വാരിക 'ഗൗരി ലങ്കേഷ്‌ പത്രികെ'യുടെ എഡിറ്ററാണ്‌. ബിജെപി നേതാക്കളായ പ്രഹ്ലാദ്‌ ജോഷി, ഉമേഷ്‌ ദുഷിക്ക്‌ എന്നിവര്‍ക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചുവെന്ന കേസില്‍ ആറുമാസം തടവുശിക്ഷയും 10,000 രൂപ പിഴയും കഴിഞ്ഞ നവംബറില്‍ മജിസ്‌ട്രേറ്റ്‌ കോടതി വിധിച്ചിരുന്നു. ഈ കേസില്‍ മേല്‍ക്കോടതിയില്‍നിന്നു ഗൗരി ജാമ്യം നേടുകയും ചെയ്‌തു. കഴിഞ്ഞ നവംബറില്‍ ചിക്കമംഗളൂരുവില്‍ നാലു മാവോയിസ്‌റ്റുകള്‍ കീഴടങ്ങുന്നതിന്‌ ഗൗരിയാണ്‌ മധ്യസ്ഥത വഹിച്ചത്‌. ചലച്ചിത്രകാരനും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ പി.ലങ്കേഷിന്റെ മകളാണ്‌ ഗൗരി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.