Breaking News

Trending right now:
Description
 
Sep 04, 2017

ഉത്തരകൊറിയ വീണ്ടും ഹൈഡ്രജന്‍ ബോംബ്‌ പരീക്ഷിച്ചു

image യുഎസ്‌ ഉള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങളുടെ താക്കീത്‌ അവഗണിച്ചും വെല്ലുവിളി ഉയര്‍ത്തിയും ഉത്തരകൊറിയ വീണ്ടും ഹൈഡ്രജന്‍ ബോംബ്‌ പരീക്ഷിച്ചു. ഭൂഖണ്ഡാന്തര ബാലസ്റ്റിക്‌ മിസൈലുകളില്‍ ഘടിപ്പിക്കാവുന്ന 120 കിലോ ടണ്‍ സംഹാരശേഷിയുള്ളതാണ്‌ ഇന്നലെ പരീക്ഷിച്ചത്‌. പരീക്ഷണം വന്‍ വിജയമായിരുന്നുവെന്ന്‌ ഉത്തരകൊറിയന്‍ വാര്‍ത്ത ഏജന്‍സി കെസിഎന്‍എ വ്യക്തമാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭൂചലനമാപിനികളില്‍ ഉത്തരകൊറിയന്‍ അതിര്‍ത്തിയിലെ സ്‌ഫോടനം 6.3 തീവ്രത രേഖപ്പെടുത്തി. ഈയിടെ പരീക്ഷിച്ച 10,000 കിലോമീറ്ററിലേറെ ശേഷിയുള്ള ഭൂഖണ്ഡാന്ത ബാലിസ്‌റ്റിക്‌ മിസൈലില്‍ ഉപയോഗിക്കാന്‍ ഉദ്ദേശിച്ചാണ്‌ പുതിയതരം ബോംബ്‌ നിര്‍മിച്ചത്‌. ഹിരോഷിമയില്‍ യുഎസ്‌ ബോംബര്‍ വിമാനങ്ങള്‍ വര്‍ഷിച്ച അണുബോംബിന്റെ എട്ടിരട്ടിശക്തിയുള്ള ബോംബാണിത്‌. പ്രസിഡന്റ്‌ കിം ജോംഗ്‌ ഉന്നിന്റെ നിര്‍ദേശപ്രകാരമായിരുന്നു പരീക്ഷണം. ബോംബ്‌ പരീക്ഷണത്തോടെ ദക്ഷിണകൊറിയയിലും ചൈനയിലും ഭൂകമ്പം അനുഭവപ്പെട്ടിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണമാണ്‌ ഹൈഡ്രജന്‍ ബോംബ്‌ സ്‌ഫോടനം നടന്നത്‌ പുറംലോകം അറിഞ്ഞത്‌. ഉത്തരകൊറിയ നടത്തുന്ന ആറാമത്തെ ആണവപരീക്ഷണമായിരുന്നു ഇന്നലത്തേത്‌. 2006ലായിരുന്നു ആദ്യപരീക്ഷണം. ഇന്നലത്തെ ഹൈഡ്രജന്‍ ബോംബ്‌ സ്‌ഫോടനത്തെ ഉത്തരകൊറിയയുടെ സുഹൃത്തായ ചൈന അടക്കം ലോകത്തെ പ്രമുഖരാജ്യങ്ങള്‍ കടുത്തഭാഷയില്‍ അപലപിച്ചു.