Breaking News

Trending right now:
Description
 
Sep 04, 2017

കണ്ണന്താനം സ്വതന്ത്രചുമതലയുള്ള സഹമന്ത്രി

image ഒമ്പതുപുതുമുഖങ്ങളെ ഉള്‍പ്പെടുത്തി നരേന്ദ്രമോദി മന്ത്രിസഭ പുനസംഘടിപ്പിച്ചു. നിലവിലുള്ള നാലു സഹമന്ത്രിമാരെ കാബിനറ്റ്‌ പദവിയിലേക്ക്‌ ഉയര്‍ത്തുകയും ആറുപേരെ ഒഴിവാക്കിക്കൊണ്ടുമാണ്‌ അഴിച്ചുപണി നടത്തിയത്‌. പ്രധാനപ്പെട്ട വകുപ്പുകളിലും മാറ്റംവരുത്തി. പുനസംഘടനയെ തുടര്‍ന്ന്‌ ഒമ്പത്‌ പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞചെയ്‌തു അധികാരമേറ്റു. ഭരണം രണ്ടുവര്‍ഷം പിന്നിട്ടതോടെ മന്ത്രിസഭയുടെ മൂന്നാമത്തെ പുനസംഘടനയില്‍ അല്‍ഫോന്‍സ്‌ കണ്ണന്താനത്തിലൂടെയാണ്‌ കേരളം ഏറെനാളായി കാത്തിരുന്ന കേന്ദ്രമന്ത്രി ഉണ്ടായത്‌. കണ്ണന്താനത്തിനു വിനോദസഞ്ചാര വകുപ്പിന്റെ സ്വതന്ത്ര ചുമതലയും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇലക്ട്രോണിക്‌സ്‌ എന്നിവയുടെ സഹചുമതലയും നല്‍കി. നിര്‍മല സീതാരാമന്‍, ധര്‍മേന്ദ്ര പ്രധാന്‍, പീയൂഷ്‌ ഗോയല്‍, മുക്താര്‍ അബ്ബാസ്‌ നഖ്‌ വി എന്നിവരെയാണ്‌ കാബിനറ്റ്‌ പദവിയിലേക്ക്‌ ഉയര്‍ത്തിയത്‌. നിര്‍മല സീതാരാമന്‍ പുതിയ പ്രതിരോധമന്ത്രി, പീയൂഷ്‌ ഗോയല്‍ റെയില്‍വേ മന്ത്രിയുമാണ്‌. കല്‍ക്കരിയുടെ അധികചുമതലയും പീയൂഷിന്‌ നല്‍കി. വാണിജ്യം, വ്യവസായം എന്നിവ സുരേഷ്‌ പ്രഭുവിനാണ്‌. മുക്താര്‍ അബ്ബാസ്‌ നഖ്‌ വി ന്യൂനപക്ഷകാര്യ കാബിനറ്റ്‌ മന്ത്രിയായി. അല്‍ഫോന്‍സ്‌ കണ്ണന്താനത്തെ കൂടാതെ പുതുമുഖങ്ങളായ ഹര്‍ദീപ്‌ സിങ്‌ പുരി(നഗരകാര്യം, ഭവനനിര്‍മാണം), രാജ്‌കുമാര്‍ സിങ്‌ (ഊര്‍ജം, പുനരുപയോഗ ഊര്‍ജം) എന്നിവരാണ്‌ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാര്‍. സന്തോഷ്‌ ഗാംഗ്വാറാണ്‌ പുതിയ തൊഴില്‍ മന്ത്രി. വിജയ്‌ ഗോയലിനെ പാര്‍ലമെന്ററികാര്യ സഹമന്ത്രിയാക്കി. ഉമാഭാരതിയില്‍നിന്ന്‌ ഗംഗാ പുനരുജ്ജീവനം എടുത്തുമാറ്റി നിതിന്‍ ഗഡ്‌കരിക്കുനല്‍കി. ഉമയ്‌ക്കു ശുദ്ധജലവും മാലിന്യനിര്‍മാര്‍ജനവും മാത്രമേയുള്ളൂ. ശിവപ്രതാപ്‌ ശുക്ല (ധനകാര്യം), ഡോ.വീരേന്ദ്രകുമാര്‍ (വനിതാ ശിശുക്ഷേമം, ന്യൂനപക്ഷകാര്യം), അനന്തകുമാര്‍ ഹെഗ്‌ഡേ (നൈപുണ്യ വികസനം, സംരംഭകത്വം), അശ്വിനികുമാര്‍ ചൗബേ (ആരോഗ്യം, കുടുംബക്ഷേമം), ഗജേന്ദ്രസിങ്‌ ശെഖാവത്ത്‌ (കൃഷി, കര്‍ഷകക്ഷേമം), ഡോ.സത്യപാല്‍സിങ്‌ (മാനവശേഷിവികസനം, ജലവിഭവം, നദീവികസനം) എന്നിങ്ങനെ ചുമതലകള്‍ നല്‍കി.