Breaking News

Trending right now:
Description
 
Sep 04, 2017

നോട്ട്‌ റദ്ദാക്കലിനെ എതിര്‍ത്തിരുന്നുവെന്ന്‌ ആര്‍ബിഐ മുന്‍ ഗവര്‍ണര്‍

image രാജ്യത്ത്‌്‌ നോട്ട്‌ റദ്ദാക്കലിനെ പിന്തുണച്ചിരുന്നില്ലെന്നു റിസര്‍വ്‌ ബാങ്ക്‌ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്റെ വെളിപ്പെടുത്തല്‍. റിസര്‍വ്‌ബാങ്ക്‌ ഗവര്‍ണറായിരുന്ന കാലത്ത്‌ വിവിധ വിഷയങ്ങളില്‍ നടത്തിയ പ്രസംഗങ്ങള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച ഐ ഡു വാട്ട്‌ ഐ ഡു എന്ന സ്‌മരണികയിലാണ്‌ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്‌. വലിയ നോട്ടുകള്‍ റദ്ദാക്കുന്നതുമൂലം ഭാവിയിലുണ്ടാകാവുന്ന നേട്ടത്തെക്കാള്‍ വലുതായിരിക്കും അതിന്‌ കൊടുക്കേണ്ടിവരുന്ന വിലയെന്നു കേന്ദ്രസര്‍ക്കാരിനെ അദ്ദേഹം അറിയിച്ചിരുന്നു. മതിയായ തയാറെടുപ്പില്ലാതെ നോട്ട്‌ റദ്ദാക്കിയാലുണ്ടാകുന്ന ആശങ്കകളും രഘുറാം പങ്കുവച്ചിരുന്നുവെന്നും സ്‌മരണികയിലുണ്ട്‌. എന്റെ കാലത്ത്‌ ഒരു സമയത്തും നോട്ട്‌ റദ്ദാക്കുന്നതു സംബന്ധിച്ചു തീരുമാനമെടുക്കാന്‍ റിസര്‍ബാങ്കിനോട്‌ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നില്ല. 2016 ഫെബ്രുവരിയില്‍ ഇക്കാര്യത്തില്‍ എന്നോടു അഭിപ്രായം ആരാഞ്ഞിരുന്നു. അതിനു വാക്കാലാണ്‌ മറുപടി നല്‍കിയത്‌. എന്റെ ആശങ്കകള്‍ നിലനില്‍ക്കെത്തന്നെ, ഇതുസംബന്ധിച്ചു കുറിപ്പ്‌ തയാറാക്കി നല്‍കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. റിസര്‍വ്‌ ബാങ്ക്‌ അതു തയാറാക്കി നല്‍കി. പിന്‍ഗാമിക്കു ബുദ്ധിമുട്ടുണ്ടാക്കുന്നതു ശരിയല്ലെന്നു കണ്ടാണ്‌ ഒരു വര്‍ഷത്തേക്ക്‌ ഇന്ത്യയെ സംബന്ധിച്ച്‌ ഒരു കാര്യത്തിലും പ്രതികരിക്കാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയിലെ ഷിക്കാഗോ യൂണിവേഴ്‌സിറ്റിയില്‍ ഇക്കണോമിക്‌സ്‌ പ്രഫസറായി പ്രവര്‍ത്തിക്കുകയാണ്‌ രഘുറാം രാജന്‍.