Breaking News

Trending right now:
Description
 
Sep 03, 2017

അച്ഛന്റെ ശ്രാദ്ധചടങ്ങില്‍ ദിലീപ്‌ പങ്കെടുക്കും

image യുവനടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ പ്രതിയായ നടന്‍ ദിലീപിനു അച്ഛന്റെ ശ്രാദ്ധചടങ്ങില്‍ പങ്കെടുക്കാന്‍ അങ്കമാലി ഒന്നാംക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി താല്‍ക്കാലിക അനുമതി നല്‍കി. ബുധനാഴ്‌ച രാവിലെ ഏഴുമുതല്‍ 11.45വരെ വീട്ടിലും തുടര്‍ന്ന്‌ ആലുവ മണപ്പുറത്തുമായി നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ്‌ അനുമതി. പ്രതികള്‍ നശിപ്പിച്ചുകളഞ്ഞതായി കള്ളമൊഴി നല്‍കിയ തെളിവുകള്‍ കണ്ടെത്താനുള്ള അന്വേഷണം നിര്‍ണായക ഘട്ടത്തില്‍ നില്‍ക്കെ ദിലീപിനെ ജയിലിനു പുറത്തേക്കു വിടരുതെന്ന പ്രോസിക്യൂഷന്‍ വാദം കോടതി തള്ളി. പുറത്തിറങ്ങിയാല്‍ ദിലീപ്‌ മാധ്യമങ്ങളെ കാണില്ലെന്നു പ്രതിഭാഗം കോടതിക്കു ഉറപ്പു നല്‍കിയിട്ടുണ്ട്‌. ഇത്‌ അനുകൂല വിധി നേടിയെടുക്കാന്‍ സഹായകമായി. പ്രതിക്കു ശ്രാദ്ധചടങ്ങില്‍ പങ്കെടുക്കുന്നതിന്‌ ആവശ്യമാസ സൗകര്യം ഒരുക്കിക്കൊടുക്കണമെന്നു പൊലീസിന്‌ കോടതി നിര്‍ദേശം നല്‍കി. മൊബൈല്‍ഫോണ്‍ ഉപയോഗിക്കരുത്‌, അന്വേഷണ ഉദ്യോഗസ്ഥന്റെ നിര്‍ദേശങ്ങള്‍ പാലിക്കണം തുടങ്ങിയ ഉപാധികളോടെയാണ്‌ ശ്രാദ്ധചടങ്ങില്‍ പങ്കെടുക്കുന്നതിന്‌ കോടതി അനുമതി നല്‍കിയിട്ടുള്ളത്‌. ശനിയാഴ്‌ച രാവിലെയാണ്‌ ദിലീപിനുവേണ്ടി അഭിഭാഷകന്‍ അപേക്ഷ സമര്‍പ്പിച്ചത്‌. ഏഴുവര്‍ഷമായി അച്ഛന്റെ ശ്രാദ്ധത്തില്‍ മൂത്തമകനായ താന്‍ പങ്കെടുത്ത്‌ ബലിതര്‍പ്പണം നടത്താറുണ്ടെന്നും ദിലീപ്‌ അപേക്ഷയില്‍ ചൂണ്ടികാണിച്ചിട്ടുണ്ട്‌. എന്നാല്‍ ദിലീപ്‌ അപേക്ഷയില്‍ പറയുന്ന കാര്യങ്ങള്‍ വാസ്‌തവിരുദ്ധമാണെന്നു പ്രോസിക്യൂഷന്‍ വാദിച്ചു. കഴിഞ്ഞവര്‍ഷം ഇതേദിവസം ദിലീപ്‌ തൃശൂരിലെ നെടുപുഴ എന്ന സ്ഥലത്തായിരുന്നു. അന്നു ബലിതര്‍പ്പണം നടത്തിയിട്ടില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു.