Breaking News

Trending right now:
Description
 
Aug 31, 2017

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: ആറുലക്ഷം രൂപ സര്‍ക്കാര്‍ ഗാരന്റി

image സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ എംബിബിഎസ്‌ പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക്‌ ആറുലക്ഷം രൂപയുടെ ബാങ്ക്‌ ഗാരന്റി ലഭിക്കാന്‍ ബാങ്കുകള്‍ക്ക്‌ സര്‍ക്കാര്‍ ഗാരന്റി നല്‍കും. ചീഫ്‌ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ബാങ്ക്‌ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ്‌ തീരുമാനം. ഉറപ്പൊന്നുമില്ലാതെ ഗാരന്റി നല്‍കണമെന്നു ബാങ്ക്‌ പ്രതിനിധികളോട്‌ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബാങ്ക്‌ പ്രതിനിധികള്‍ക്ക്‌ ഇത്‌ സ്വീകാര്യമായിരുന്നില്ല. തുടര്‍ന്നാണ്‌ സര്‍ക്കാര്‍തന്നെ ഗാരന്റി നല്‍കാമെന്നു സമ്മതിച്ചത്‌. അപേക്ഷകന്റെ വസ്‌തുവോ വീടോ സ്ഥിരനിക്ഷേപമോ സെക്യൂരിറ്റിയായി വാങ്ങാതെ ദേശസാല്‍കൃത ബാങ്കുകളും ഷെഡ്യൂള്‍ഡ്‌ ബാങ്കുകളും സര്‍്‌ക്കാര്‍ നല്‍കുന്ന ഉറപ്പിന്റെ മാത്രം അടിസ്ഥാനത്തില്‍ ബാങ്ക്‌ ഗാരന്റി നല്‍കണമെന്നു വ്യവസ്ഥയുണ്ട്‌. അപേക്ഷകനും ബാങ്കിനും പുറമേ മൂന്നാംകക്ഷിയായിരിക്കും സര്‍ക്കാര്‍. സെപ്‌റ്റംബര്‍ അഞ്ചുമുതല്‍ ബാങ്ക്‌ ഗാരന്റി നല്‍കിത്തുടങ്ങും. കാലാവധി ആറുമാസമായിരിക്കും. പ്രവേശനം ലഭിച്ചുവെന്നു കോളജ്‌ അധികാരികളോ പരീക്ഷാ കമ്മീഷണറോ സാക്ഷ്യപ്പെടുത്തുന്ന രേഖ സഹിതമാണ്‌ വിദ്യാര്‍ഥി അപേക്ഷിക്കേണ്ടത്‌. ഗാരന്റി നല്‍കുന്നതിന്‌ ബാങ്കുകള്‍ 15 മുതല്‍ 100വരെ ശതമാനം കാഷ്‌ മാര്‍ജിന്‍ ആവശ്യപ്പെടാറുണ്ട്‌. എന്നാല്‍, സര്‍ക്കാര്‍ ഗാരന്റി നല്‍കുന്നതുകൊണ്ട്‌ കാഷ്‌ മാര്‍ജിന്‍ ആവശ്യമില്ല.