Breaking News

Trending right now:
Description
 
Aug 30, 2017

മഹാപ്രളയത്തില്‍ മുംബൈ മുങ്ങി

image മുംബൈ നഗരത്തിലും പരിസരപ്രദേശത്തും തുടരുന്ന കനത്തമഴയില്‍ ജനജീവിതം നിശ്ചലമായി. പ്രളയജലത്തില്‍ മംബൈ മുങ്ങിയതോടെ റെയില്‍, റോഡ്‌ ഗതാഗതം തടസപ്പെട്ടു. ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ മുടങ്ങി. അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രമേ ജനങ്ങള്‍ വീടിനു വെളിയില്‍ ഇറങ്ങാവൂ എന്ന്‌ മുംബൈ കോര്‍പ്പറേഷന്‍ അധികൃതര്‍ മുന്നറിയിപ്പുനല്‍കി. നഗരത്തിലും നവിമുംബൈ, താനെ എന്നിവിടങ്ങളിലും തിങ്കളാഴ്‌ച രാത്രിമുതല്‍ മഴ തുടരുകയാണ്‌. 200 മില്ലിമീറ്റര്‍ മഴയാണ്‌ ചൊവ്വാഴ്‌ച ഒറ്റദിവസംകൊണ്ട്‌ പെയ്‌തിറങ്ങിയത്‌. വിക്രോളിയില്‍ വീട്‌ തകര്‍ന്ന്‌ രണ്ടു കുട്ടികള്‍ അടക്കം മൂന്നുപേര്‍ മരിച്ചു. പലയിടത്തും റെയില്‍വേ ട്രാക്കുകള്‍ വെള്ളത്തിലായി. ലോക്കല്‍ ട്രെയിനുകളുടെ സര്‍വീസുകള്‍ തടസപ്പെട്ടിരിക്കുകയാണ്‌. ആയിരക്കണക്കിന്‌ ആളുകള്‍ റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലുമായി കുടുങ്ങി. ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസുകളും താളംതെറ്റി. താഴ്‌ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായതോടെ റോഡ്‌ ഗതാഗതവും നിലച്ചു. ആറുവിമാനങ്ങള്‍ റദ്ദാക്കി. പത്തെണ്ണം വഴിതിരിച്ചുവിട്ടു. നഗരത്തില്‍ സ്‌കൂളുകളും ഓഫിസുകളും പ്രവര്‍ത്തിച്ചില്ല. കെഇഎം ആശുപത്രിയുടെ താഴത്തെ നിലയില്‍ രണ്ടടിയോളം വെള്ളം കയറിയതിനാല്‍ 50 രോഗികളെ സുരക്ഷിതമായി മാറ്റി. കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ പാളം തകര്‍ന്ന്‌ നാഗ്‌പൂര്‍-മുംബൈ തുരന്തോ എക്‌സ്‌പ്രസിന്റെ ഒമ്പതുകോച്ചുകള്‍ പാളംതെറ്റി. 12 പേര്‍ക്ക്‌ പരുക്കേറ്റു. അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തമായ മഴ പെയ്യുമെന്നു കാലാവസ്ഥാ മുന്നറിയിപ്പുമുണ്ട്‌.