Breaking News

Trending right now:
Description
 
Aug 29, 2017

കോട്ടയം കൊലപാതകം: ദമ്പതികള്‍ അറസ്റ്റില്‍

image കോട്ടയം മാങ്ങാനത്ത്‌ തലയും ഉടലും മുറിച്ചുമാറ്റി ചാക്കില്‍കെട്ടിയ നിലയില്‍ കണ്ടെത്തിയ ശരീരഭാഗങ്ങള്‍ പയ്യപ്പാടി മലകുന്നം സ്വദേശി സന്തോഷിന്റേതാണെന്നു (34) തിരിച്ചറിഞ്ഞു. സംഭവത്തില്‍ മീനടം പീടികപ്പടിയില്‍ വാടകയ്‌ക്കു താമസിക്കുന്ന വിനോദ്‌കുമാര്‍ (കമ്മല്‍ വിനോദ്‌-38), ഭാര്യ കുഞ്ഞുമോള്‍ (34) എന്നിവരെ പൊലീസ്‌ അറസ്റ്റു ചെയ്‌തു. കഴിഞ്ഞ ഫെബ്രുവരിയില്‍ കോട്ടയം മുനിസിപ്പല്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന പിതാവ്‌ രാജപ്പനെ തലയ്‌ക്കടിച്ചുകൊന്ന കേസില്‍ പ്രതിയായ വിനോദ്‌ ജയിലില്‍നിന്നു രണ്ടുമാസം മുമ്പാണ്‌ ജാമ്യത്തിലിറങ്ങിയത്‌. വിനോദ്‌ ജയിലിലായിരുന്ന കാലത്ത്‌ കുഞ്ഞുമോളും സന്തോഷും തമ്മില്‍ അവിഹിതബന്ധമുണ്ടെന്ന സംശയമാണ്‌ കൊലപാതകത്തില്‍ കലാശിച്ചത്‌. ബുധനാഴ്‌ച രാത്രി കുഞ്ഞുമോള്‍ സന്തോഷിനെ വിളിച്ചുവരുത്തുകയായിരുന്നു. വീട്ടിലെത്തിയ സന്തോഷിനെ കുഞ്ഞുമോന്‍ തലയ്‌ക്കടിച്ചു കൊലപ്പെടുത്തി. പിന്നീട്‌ തലയുടെ ഭാഗവും അരയുടെ കീഴ്‌പോട്ടുള്ള ഭാഗവും മുറിച്ചുമാറ്റി ചാക്കുകളിലാക്കി. ഇതിനുശേഷം കുഞ്ഞുമോളുടെ സഹായത്തോടെ ശരീരഭാഗങ്ങള്‍ നിറച്ച ചാക്കുകെട്ടുകള്‍ ഇവരുടെതന്നെ ഓട്ടോയില്‍കയറ്റി രണ്ടുസ്ഥലങ്ങളില്‍ തള്ളുകയായിരുന്നു. തലയൊഴികെയുള്ള ഭാഗങ്ങളാണ്‌ മാങ്ങാനം കലുങ്കിനു സമീപത്തെ പുരയിടത്തില്‍നിന്നു കണ്ടെത്തിയത്‌. തിങ്കളാഴ്‌ച മാങ്ങാനം മക്രോണി പാലത്തിനു സമീപത്തെ തോട്ടില്‍നിന്നു സന്തോഷിന്റെ തലയുടെ ഭാഗവും അന്വേഷണസംഘം കണ്ടത്തി. കൊലപാതകത്തിനു ഉപയോഗിച്ച ഇരുമ്പു ലിവറും കത്തിയും വിനോദ്‌ കുമാറിന്റെ വീട്ടിലെ ചാണകക്കുഴിയില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെടുത്തിട്ടുണ്ട്‌. കൊലപാകം നടത്തിയ സ്ഥലത്തെ രക്തത്തുള്ളില്‍ പ്രതികള്‍ തുടച്ചുമാറ്റിയിരുന്നുവെങ്കിലും വിദഗ്‌ധ പരിശോധനയില്‍ രക്തത്തുള്ളികള്‍ സയന്റിഫിക്‌ ഉദ്യോഗസ്ഥര്‍ക്ക്‌ തെളിവായി ലഭിച്ചു. പ്രതികളെ തിങ്കളാഴ്‌ച റിമാന്‍ഡ്‌ ചെയ്‌തുവെങ്കിലും കൂടുതല്‍ ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടുന്നതിന്‌ അന്വേഷണസംഘം ഇന്നു കോടതിയെ സമീപിക്കും. സന്തോഷിന്റെ ശരീരഭാഗങ്ങള്‍ കോട്ടയം മെഡിക്കല്‍കോളജ്‌ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌.