Breaking News

Trending right now:
Description
 
Aug 29, 2017

സ്വാശ്രയ മെഡിക്കല്‍ ഫീസ്‌ 11 ലക്ഷം രൂപ

image സംസ്ഥാനത്തെ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ എംബിബിഎസിന്‌ ഈ വര്‍ഷം പരമാവധി 11 ലക്ഷംരൂപവരെ ഈടാക്കാമെന്നു സുപ്രീംകോടതി. അഞ്ചുലക്ഷം രൂപ ഉടനെ നല്‍കേണ്ട ഫീസാണ്‌. ബാക്കി ആറുലക്ഷം രൂപ പണമായോ ബാങ്ക്‌ ഗ്യാരന്റിയായോ 15 ദിവസത്തിനകം നല്‍കാമെന്നു കോടതി വാക്കാല്‍ പറഞ്ഞു. കരാര്‍ ഒപ്പിടാത്ത കോളജുകള്‍ക്ക്‌ പരമാവധി 11 ലക്ഷം ഈടാക്കാമെന്ന കഴിഞ്ഞ 14ന്റെ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പുനപരിശോധന ഹര്‍ജി കോടതി തള്ളി. കോടതിവിധി വന്നെങ്കിലും ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകളുടെ നിയന്ത്രണത്തിലുള്ള ജൂബിലി, അമല, കോലഞ്ചേരി, പുഷ്‌പഗിരി മെഡിക്കല്‍കോളജുകളില്‍ അഞ്ചുലക്ഷം രൂപ ഫീസ്‌ മാത്രമേ ഈടാക്കൂവെന്ന്‌ മാനേജ്‌മെന്റ്‌ വ്യക്തമാക്കി. ഇതിനു പുറമേ ആറുലക്ഷത്തിന്റെ ബാങ്ക്‌ ഗ്യാരന്റിയോ ബോണ്ടോ വാങ്ങില്ലെന്നും ഇവര്‍ പറയുന്നു.

സുപ്രീംകോടതിയുടെ വിധി വന്നെങ്കിലും ഹൈക്കോടതി നിശ്ചയിച്ച പ്രകാരമുള്ള ഫീസ്‌ അടിസ്ഥാനത്തില്‍ ഇന്നലെ സ്വാശ്രയ മെഡിക്കല്‍കോളജില്‍ പ്രവേശനം ആരംഭിച്ചു. ഉത്തരവ്‌ പുറത്തിറങ്ങാന്‍ വൈകുമെന്നതിനാല്‍ ഇന്നും നിലവിലുള്ള രീതിയില്‍ തന്നെയാകും നടപടികള്‍. അതേസമയം, ഇന്നലെ രാവിലെ തിരുവനന്തപുരം മെഡിക്കല്‍കോളജ്‌ ക്യാംപസില്‍ പ്രവേശനത്തിന്‌ എത്തിയവരെ ഞെട്ടിക്കുന്നതായിരുന്നു സുപ്രീംകോടതി വിധി. പലരും സീറ്റ്‌ ഉപേക്ഷിച്ചു മടങ്ങി. അലോട്ട്‌മെന്റ്‌ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ്‌ മുഴുവന്‍ സ്വാശ്രയ മെഡിക്കല്‍കോളജുകളിലും പ്രവേശനഫീസ്‌ 11 ലക്ഷമായി സുപ്രീംകോടതി ഉയര്‌ത്തിയത്‌. ഇതോടെ പ്രവേശന പരീക്ഷകമ്മീഷണര്‍ നിര്‍ദേശിച്ച അഞ്ചുലക്ഷം രൂപ ഫീസുമായെത്തിയ രക്ഷിതാക്കളും വിദ്യാര്‍ഥികളും ആശയക്കുഴപ്പത്തിലായി. സുപ്രീംകോടതി വിധി വരുന്നതിനുമുമ്പ്‌ ഫീസ്‌ ഒടുക്കി പ്രവേശനം നേടിയ വിദ്യാര്‍ഥികളും വിധിസംബന്ധിച്ച വാര്‍ത്ത വന്നതോടെ പ്രവേശനം വേണ്ടെന്നുവയ്‌ക്കാനൊരുങ്ങുകയാണ്‌. സുപ്രീംകോടതി വിധിയറിഞ്ഞ്‌ ഒരുവിഭാഗം രക്ഷിതാക്കളും കുട്ടികളും അലോട്ട്‌മെന്റ്‌ കേന്ദ്രത്തിനു മുമ്പില്‍ മുദ്രാവാക്യംവിളിച്ചു.