Breaking News

Trending right now:
Description
 
Aug 29, 2017

മാനഭംഗക്കേസില്‍ ഗുര്‍മീതിന്‌ 20 വര്‍ഷം ജയില്‍ ശിക്ഷ

image രണ്ടു മാനഭംഗക്കേസുകളില്‍ കുറ്റക്കാരനായി കണ്ടെത്തിയ ദേര സച്ച സൗദ തലവനും ആള്‍ ദൈവവുമായ ഗുര്‍മീത്‌ റാം റഹിം സിങ്ങിന്‌ 20 വര്‍ഷം തടവ്‌ സിബിഐ സ്‌പെഷ്യല്‍ കോടതി വിധിച്ചു. തടവിനു പുറമേ 30 ലക്ഷം രൂപ പിഴയൊടുക്കണം. പിഴത്തുകയില്‍ 14 ലക്ഷംരൂപ വീതം പരാതിക്കാരികളായ യുവതികള്‍ക്കു നല്‍കണമെന്നും കോടതി ഉത്തരവുണ്ട്‌. രണ്ടുകേസുകളിലും പത്തുവര്‍ഷംവീതമാണ്‌ തടവ്‌ ശിക്ഷവിധിച്ചത്‌. രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത അപൂര്‍വ നിയമനടപടികള്‍ക്ക്‌ ഒടുവിലാണ്‌ ദിവ്യവേഷക്കാരന്‍ ഗുര്‍മീതിനെതിരായ കോടതിയുടെ നടപടി. ഇന്ത്യയിലും വിദേശത്തും ലക്ഷക്കണക്കിനു അനുയായികളുള്ള ഗുര്‍മീത്‌ ഇനി തടവുപുള്ളിയായി ജയിലില്‍ കഴിയണം. റോത്തക്കിലെ ജയിലിലെ വായന മുറി താല്‍ക്കാലിക കോടതിമുറിയായി ഒരുക്കിയാണ്‌ ശിക്ഷവിധിച്ചത്‌. ശിക്ഷാവിധികേട്ട്‌ ഗുര്‍മീത്‌ പൊട്ടിക്കരഞ്ഞു കൈകൂപ്പി ക്ഷമയാചിച്ചു. തുടര്‍ന്ന്‌ കോടതിമുറിയില്‍നിന്ന്‌ പുറത്തേക്കിറങ്ങാന്‍ വിസമ്മതിച്ച ഗുര്‍മീതിനെ ബലപ്രയോഗത്തിലൂടെയാണ്‌ പുറത്ത്‌ എത്തിച്ചത്‌. താന്‍ നിരപരാധിയാണെന്നു ഈ സമയത്തും ഗുര്‍മീത്‌ വിളിച്ചുപറയുന്നുണ്ടായിരുന്നു. സീര്‍സയിലെ ദേര ആസ്ഥാനത്ത്‌ 1999-2001 കാലയളവില്‍ ആശ്രമ അന്തേവാസികളായ രണ്ടു യുവതികളെ മാനഭംഗപ്പെടുത്തിയെന്നാണ്‌ കേസ്‌.

വെള്ളിയാഴ്‌ച പഞ്ച്‌കുളയിലെ സിബിഐ കോടതി ഗുര്‍മിത്‌ കുറ്റക്കാരനായി കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന്‌ ഹരിയാന, പഞ്ചാബ്‌ സംസ്ഥാനങ്ങളില്‍ ഗുര്‍മീതിന്റെ അനുയായികള്‍ നടത്തിയ ആക്രമണങ്ങളില്‍ 38 പേര്‍ കൊല്ലപ്പെട്ടു. നൂറുകണക്കിന്‌ ആളുകള്‍ക്ക്‌ പരുക്കേറ്റു. കോടിക്കണക്കിന്‌ രൂപയുടെ സ്വത്തുവകകളാണ്‌ നശിപ്പിക്കപ്പെട്ടത്‌. വിധി പറയുന്ന ദിവസം ഇത്തരത്തിലുള്ള അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പൊലീസും അര്‍ധസൈനിക വിഭാഗങ്ങളും സൈന്യവും അതീവ ജാഗ്രതയിലായിരുന്നു. ദേര സച്ച സൗദയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്ന സിര്‍സയുടെ ആസ്ഥാനം കരസേന ഏറ്റെടുത്തു. അഭിഭാഷകര്‍ക്കും പ്രധാന ഉദ്യോഗസ്ഥര്‍ക്കും ഒഴികെ ജയിലിന്റെ പത്തുകിലോമീറ്റര്‍ ചുറ്റളവില്‍ ആര്‍ക്കും പ്രവേശനം അനുവദിച്ചിരുന്നില്ല. അക്രമത്തിന്‌ തുനിയുന്നവരെ കണ്ടാലുടന്‍ വെടിവയ്‌ക്കാന്‍ ഉത്തരവും ഇറക്കി. മുന്‍കരുതലിനായി ഹരിയാനയിലെ സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കി. സിബിഐ കോടതിവിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ്‌ ഗുര്‍മീതിന്റെ തീരുമാനം.