Breaking News

Trending right now:
Description
 
Jan 25, 2013

പ്രിയ ഫ്ളോറന്സിനൊപ്പം ...

മരിയ ഇവാന
image
ലണ്ടനില് എത്തിയിട്ട് ഇത് മൂന്നാമത്തെ വര്ഷമാണ്. പ്ലാസ്റ്റര് ഒട്ടിച്ചതുപോലെയുള്ള ചിരിയുമായി നടക്കുമ്പോഴും മനസാകെ വിങ്ങുകയായിരുന്നു. മരുന്നുകളുടെയും വേദനകളുടെയും ഗന്ധമുള്ള വരാന്തയില് ഒറ്റപ്പെട്ടു പോയ ഞാന് നഴ്സിങ് ജീവിതത്തെ വെറുത്തു തുടങ്ങുകയായിരുന്നോ? അറിയില്ല...

അപരിചിതമായ രാജ്യത്തിന്റെ ഉന്നത ആഭിജാത്യത്തിന്റെ അടയാളങ്ങള് എന്റെ ബ്രൗണ്നിറമുള്ള തൊലിപ്പുറത്ത് കോറിയിടുന്ന ചില അപമാനങ്ങള് മറയ്ക്കാന് പുഞ്ചിരിയുടെ മുഖമൂടിയും ധരിച്ച് എത്രനാള് എനിക്ക് ഇവിടെ കഴിയാനാവും? സത്യത്തില് ആതുരസേവനത്തേക്കാള് എന്നെ യുകെയിലേയ്ക്ക് ആകര്ഷിച്ചത് നഴ്സുമാര്ക്ക് കിട്ടുന്ന ഉന്നത വേതനം തന്നെയായിരുന്നു. അതിനു വേണ്ടിയുള്ള പഠനം. പിന്നെ ലണ്ടനില് എത്താനുള്ള കഠിനാധ്വാനം. 

ഞാന് എന്തിനാണ് നഴ്സായത്? ഞാനെന്റെ ചോദ്യങ്ങള്ക്ക് ഉത്തരം കണ്ടെത്തുവാന് ശ്രമിച്ചുകൊണ്ടേയിരുന്നു. തിരിച്ചുകിട്ടുമെന്ന പ്രതീക്ഷകള് തെല്ലുമില്ലാതെ ആതുരസേവനം ചെയ്ത ഫ്ളോറന്സ് നൈറ്റിംഗേല് ഇവിടെയാണല്ലോ ജനിച്ചുവളര്ന്നതെന്ന് ഓര്ത്തത് പെട്ടെന്നാണ്. ആദ്യം വായനയിലൂടെയാണ് ഞാനവരെ തിരിച്ചറിഞ്ഞത്. നഴ്സിംഗ് സ്കൂളിലെ കാലയളവില് ഫ്ളോറന്സ് നൈറ്റിംഗേലായി വേഷമിട്ട് കൈയില് റാന്തലുമേന്തി ജാഥ നടത്തിയത് ഓര്മയിലെത്തി. സേവനത്തിന്റെ മൂര്ത്തീഭാവമായിട്ടും എന്തുകൊണ്ടാണ് സഭ അവരെ വിശുദ്ധയായി പ്രഖ്യാപിക്കാതിരുന്നതെന്ന് ഞാന് പലപ്പോഴും അതിശയിച്ചിട്ടുണ്ട്. 

ഫ്ളോറന്സിന്റെ ശവകുടീരം കാണണമെന്ന് മനസിലെവിടെയോ മോഹമുദിച്ചു. അങ്ങനെ, ഒരു അവധി ദിവസം ഈസ്റ്റ് വെലോയിലെ ഫ്ളോറന്സിന്റെ ശവകുടീരത്തിലേയ്ക്ക് ഞാന് യാത്ര തിരിച്ചു. ലണ്ടനില് നിന്ന് വെലോയില് എത്തുവാന് മൂന്നു മണിക്കൂര് സമയം വേണം. യാത്രയിലുടനീളം ഞാന് ഫ്ളോറന്സ് എന്ന യുവസുന്ദരിയെക്കുറിച്ചുള്ള ചിന്തയിലായിരുന്നു.

പതിനേഴാമത്തെ വയസില് തന്നെ സേവിക്കുവാന് ദൈവം ആവശ്യപ്പെട്ടപ്പോള് താന് അമ്പരന്നു പോയതായി ഫ്ളറോന്സ് തന്റെ ഡയറിക്കുറിപ്പില് പറയുന്നു. സമ്പന്ന കുടുംബത്തില് സകലവിധ സുഖസൗകര്യങ്ങളുടെയും നടുവില് ജനിച്ച് പെണ്കുട്ടിയോടാണ് ദൈവം തന്റെ ജനത്തെ സേവിക്കാന് പറയുന്നത്. 

പിതാവിന്റെ തോട്ടത്തില് പണിയെടുക്കുന്ന തൊഴിലാളികളുടെ ജീവിതാവസ്ഥ ഫ്ളോറന്സിനെ അലോസരപ്പെടുത്തിയിരുന്നു. പന്ത്രണ്ട് വയസ്സുള്ള കൊച്ചു ഫ്ളോറന്സ് ഒരിക്കല് തൊഴിലാളികള് താമസിക്കുന്ന കുടുസു മുറിയില് ചെന്നു. തികച്ചും വൃത്തിഹീനമായ സാഹചര്യത്തില് രോഗശയ്യയില് കിടക്കുന്ന തൊഴിലാളിയുടെ ജീവിതാവസ്ഥ ഫ്ളോറന്സിനെ ഒരു നഴ്സായി മാറുവാന് പ്രേരണയേകി. പക്ഷേ കുലീനയായ ഒരു പെണ്കുട്ടിക്ക് ഒരിയ്ക്കലും ചിന്തിക്കാനാവാത്ത പ്രഫഷനായിരുന്നു അന്ന് നഴ്സിംഗ്. അതിനെക്കുറിച്ച് പറഞ്ഞപ്പോള് വീട്ടില് ഒരു പൊട്ടിത്തെറി തന്നെയാണ് ഉണ്ടായതെന്നാണ് ഫ്ളോറന്സ് തന്റെ ഡയറിയില് പറഞ്ഞിരിക്കുന്നു.

സത്യത്തില് ഞാന് ചിരിച്ചത് ഇത്തിരി ഉറക്കെയായി പോയി, ബ്രിട്ടനിലെ ബസായത് ഭാഗ്യം. ആരും തിരിഞ്ഞു നോക്കിയില്ല, നാട്ടിലോ മറ്റോ ആയിരിക്കണം ഇത് സംഭവിച്ചത്....?. ഞാന് ചിരിച്ചതെന്തിനാണന്നല്ലേ, വക്കീലാവണം എന്നായിരുന്നു എന്റെ കുട്ടിക്കാലത്തെ ഏറ്റവും വലിയ സ്വപ്നം. കറുത്ത ഗൗണിട്ട് ഗൗരവത്തില് ഇരിക്കുന്ന അന്നാ ചാണ്ടി എന്ന ജസ്റ്റീസിന്റെ പടം പത്രത്താളില് നിന്ന് വെട്ടിയെടുത്ത് ഹൃദയത്തോട് ചേര്ത്ത് നടന്ന കാലം. നഴ്സിംഗ് പഠനത്തിന് പോകുവാന് തീരുമാനിച്ച അന്നാണ് ഞാന് മനസില്ലാമനസോടെ അന്നാ ചാണ്ടിയെ ഉപേക്ഷിച്ചത്. 'വക്കീല് മറിയ' എന്ന് ഏട്ടനും ചേച്ചിമാരും കളിയാക്കി വിളിച്ചിരുന്ന ഞാനെന്തു കൊണ്ടാണ് നഴ്സായതെന്ന് അറിഞ്ഞാല് ഫ്ളോറന്സ് നൈറ്റിംഗേല് എങ്ങനെയാണ് പ്രതികരിക്കുക എന്നറിയില്ല. 

റോംസിയിലാണ് ഞാന് ആദ്യം ഇറങ്ങിയത്. ഷോപ്പിങ്ങിന് പ്രശസ്തമാണ് റോംസി. പക്ഷേ ആ മഹാനഗരത്തിന്റെ പ്രൗഢിയില് ലയിച്ച് ഞാന് ഇത്തിരി നേരം നിന്നു. ഒരു കോഫി ഹൗസില് നിന്ന് കാപ്പി കുടിച്ചിറങ്ങി കിംഗ് ജോണിന്റെ കൊട്ടാരം സന്ദര്ശിച്ചു. പുരാതന വിക്ടോറിയന് ഗണ് ഷോപ്പില് എത്തിയപ്പോള് സന്ദര്ശകരുടെ തിരക്കാണ്. ഇത്തിരിനേരം അവിടെ ചെലവഴിച്ചതിനു ശേഷം വെലോയിലെ നൈറ്റിംഗേലിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന സെന്റ് മാര്ഗരറ്റ് ചര്ച്ചിലേയ്ക്ക് പോയി.

തനി നാട്ടിന്പുറമാണ് വെല്ലോ. 1215-ല് മാഗ്നാ കാര്ട്ടാ ഉടമ്പടി ഉണ്ടായ വര്ഷമാണ് പള്ളി നിര്മ്മിച്ചതെന്ന ചരിത്രം പറയുന്നത്. പള്ളിയുടെ പൗരാണികതയില് ലയിച്ചിരിക്കുമ്പോള് ഫ്ളോറന്സ് നൈറ്റിംഗേലിന്റെ ശവകുടീരത്തില് പ്രാര്ത്ഥിക്കാന് എത്തുന്ന വിശ്വാസികളെ കണ്ടു. കഴിഞ്ഞ 80വര്ഷമായി ഫ്ളോറന്സെന്ന അപ്രഖ്യാപിത വിശുദ്ധയുടെ ശവകുടീരം കാണാനും പ്രാര്ത്ഥിക്കാനും നൂറുകണക്കിന് വിശ്വാസികള് എത്തുന്നു. അവരിലൊരാളായി ഞാനും ഇരുന്നു. ഒന്നും പ്രാര്ത്ഥിക്കാനില്ലാതെ. 

പള്ളി ഭിത്തിയില് പതിപ്പിച്ചിരിക്കുന്ന ഫ്ളോറന്സിന്റെ അവസാന നാളുകളിലെ ബെഡ്റൂമിന്റെ ചിത്രത്തിലേയ്ക്ക് വെറുതെ കണ്ണുംനട്ടിരുന്നു. പെട്ടെന്നാണ് ഒരു ചന്ദ്രപ്രഭാവലയം പോലെ വെലോയിലെ കാട്ടിന്റെ സൗരഭ്യത്തില് നിന്ന് ഫ്ളറോന്സ് എന്റെ മുമ്പിലേയ്ക്ക് പ്രത്യക്ഷപ്പെട്ടത്. ഞാന് ചുറ്റും നോക്കി. കണ്ണീരൊഴുക്കി പ്രാര്ത്ഥിക്കുന്ന വിശ്വാസികളിലാരെങ്കിലും ഫ്ളോറന്സിന്റെ സാന്നിദ്ധ്യം തിരിച്ചറിയുന്നുണ്ടോ? ഞാന് പതുക്കെ പറഞ്ഞു നമുക്ക് ഇത്തിരി മാറി നില്ക്കാമെന്നു തോന്നി. 

"ഞാന് ഇന്ത്യയില് നിന്നാണ്, ഇന്ത്യ എന്നു കേട്ടിട്ടുണ്ടോ?" ആധുനിക നഴ്സിങ്ങിന്റെ മാതാവിനോട് ഞാന് ജാള്യതയോടെ ചോദിച്ചു. 

ഫ്ളോറന്സ് തലയാട്ടി ചിരിച്ചു പിന്നെ പതിഞ്ഞ ശബ്ദത്തില് പറഞ്ഞു, "ഞാന് ഇന്ത്യയില് എത്തിയിട്ടില്ല, പക്ഷേ, ഇന്ത്യയിലെ കാര്യങ്ങളെക്കുറിച്ച് ഒരു പുസ്തകത്തില് പരാമര്ശിച്ചിട്ടുണ്ട്. ലോര്ഡ് റിപ്പണ് പ്രഭുവിന്റെ കാലത്താണ് ഞാന് ആ പുസ്തകം പ്രസിദ്ധീകരിച്ചത്. സാമൂഹ്യമാറ്റത്തിന്റെ കാവലാളാകുവാന് ഈ പുസ്തകത്തിന് കഴിഞ്ഞിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. പട്ടിണിയും രോഗങ്ങളും ഇന്ത്യയെ മലിനമാക്കിയ കാലം. ഇന്ത്യയുടെ ചുറ്റുപാടുകള് മനസിലാക്കി പരിസരശുദ്ധിയുടെ ബാലപാഠങ്ങള് പഠിപ്പിക്കാനാണ് ഞാന് പുസ്തകം എഴുതിയത്." 

സത്യത്തില് അതെനിക്ക് ഒരു പുതിയ അറിവായിരുന്നു. പാവപ്പെട്ട പട്ടാളക്കാരുടെ നിലവിളികള്ക്കിടയില് ശുശ്രൂഷിക്കാന് വിളക്കു പിടിച്ചു നടന്ന വെറുമൊരു സ്ത്രീയല്ല ഫ്ളോറന്സ്. സമ്പന്നതയുടെ മടിത്തട്ടിലാണ് ജനിച്ചതെന്ന് ഫ്ളോറന്സിന്റെ ശവകുടീരത്തിനു സമീപമുള്ള എംബ്ളി പാര്ക്കിലെ കുടുംബവീട് കാണിച്ച് അവര് പറഞ്ഞു. ഇന്ന് ആ വീട് സ്കൂളാണ്. മാതാപിതാക്കള് ഇറ്റലിയിലേയ്ക്ക് യാത്ര പോയപ്പോള് ഫ്ളോറന്സ് എന്ന സ്ഥലത്തു വച്ചാണ് ജനനം. അനുജത്തി ജനിച്ചത് ഗ്രീക്കില് വച്ചാണ് അതുകൊണ്ട് അവളുടെ പേരിനോടൊപ്പം ആ രാജ്യത്തെ സ്ഥലപേരാണ്. ഫ്ളോറന്സിന്റെ ഭംഗിയുള്ള ചിരി ഞാന് നോക്കിനിന്നു. 

നീ എന്റെ അരികില് വരൂ, രോഗങ്ങളെ തടവി മുറിവില് എണ്ണ പുരട്ടുന്ന ഒരു സമരിയാക്കാരിയാകുവാന് അവര് എന്നോട് പറയുന്നതു പോലെ തോന്നി. 

വീട്ടുകാര് നഴ്സിഗ് പഠിക്കണമെന്ന് പറഞ്ഞപ്പോള് എന്നെ വീട്ടില് പൂട്ടിയിട്ടു. അത്രമാത്രം അവമതിയായിരുന്നു അവര്ക്ക് നഴ്സിംഗിനോട്. പക്ഷേ എനിക്ക് വീട്ടുകാരുടെ വാക്കുകള് കേള്ക്കാനാവില്ല. ദൈവത്തിന്റെ സ്വരമാണ് എന്നെ നയിച്ചിരുന്നത്. നീണ്ട സമരത്തിനു ശേഷം നഴ്സിംഗ് ഒരു തൊഴിലായി സ്വീകരിക്കില്ലെന്ന ഉറപ്പില് മാതാപിതാക്കള് എന്നെ ജര്മ്മനിയിലേയ്ക്ക് നഴ്സിംഗ് പഠനത്തിന് അയച്ചു. 

"വീട്ടുകാര് കല്ല്യാണം ആലോചിച്ചില്ലേ?" എനിക്ക് ഔത്സുക്യം അടക്കാനായില്ല.

"ഒരാള്ക്ക് എന്നോട് വലിയ സ്നേഹമായിരുന്നു." ഫ്ളോറന്സിന്റെ ചുവന്നു തുടുത്ത കവിളുകളില് കൂടുതല് തിളക്കം. കണ്ണുകളില് പ്രകാശം. "പക്ഷേ അയാളുടെ സ്നേഹത്തെക്കാള് ഞാന് മാനിച്ചത് ദരിദ്രരരും രോഗികളുമായ പാവങ്ങളെ സ്നേഹിക്കുന്നതിനാലാണ്. ആ സ്നേഹത്തെ അവഗണിച്ചാണ് ഞാന് നഴ്സിംഗ് ജീവിതം തിരഞ്ഞെടുത്തത്."

ഉറച്ച തീരുമാനം ഉള്ള ഒരു സ്ത്രീ. എനിക്ക് അവരോടുള്ള ബഹുമാനം ആരാധനയായി മാറിയിരുന്നു. അല്ഫോന്സാമ്മയെപോലെ ..നിങ്ങള് പ്രണയത്തെ തിരസ്കരിച്ച് ദൈവത്തെ സ്നേഹിക്കുകയായിരുന്നോ? ഫ്ളോറന്സ് ഒന്നു പുഞ്ചിരിച്ചു. ഉന്നത വിദ്യാഭ്യാസം നേടിയ അതിസമ്പന്നയായ ഈ യുവതിയെയും ജീവിതത്തിന്റെ അര്ത്ഥശൂന്യത പിടികൂടി തുടങ്ങിയിരുന്നുവോ...? 

"ഞാന് ഒരു മതവിശ്വാസിയല്ലായിരുന്നു. ദൈവവിശ്വാസിയായിരുന്നു."

അതുകൊണ്ടുതന്നെയായിരിക്കണം വിശുദ്ധ പദവി കിട്ടാതെ പോയത്. കഷ്ടം...ഫ്ളോറന്സിന് പ്രാര്ത്ഥിക്കാന് ആവശ്യങ്ങള് ഒന്നുംതന്നെയില്ലായിരുന്നു. അതുകൊണ്ടു തന്നെ മതമേലധ്യക്ഷന്മാരുമായി അത്ര നല്ല സ്വരചേര്ച്ചയില് ആയിരുന്നില്ല അവര്. എല്ലാം ആവോളം ലഭിച്ച യൗവനവും ബാല്യം. 

എവിടെ നിന്നോ യുദ്ധത്തിന്റെ പെരുമ്പറ എന്റെ കാതില് മുഴുകി. 1854-56-കളിലെ ക്രീമിയന് യുദ്ധമുഖത്താണ് ഞാന് നില്ക്കുന്നത്. ബ്രിട്ടനും സഖ്യകക്ഷികളും ഒരു വശത്ത. മറുവശത്ത് റഷ്യ. 90,000 പേര് കൊല്ലപ്പെട്ടു. മുറിവേറ്റ അസംഖ്യം പട്ടാളക്കാരുടെ നിലവിളികള്. വ്യത്തിഹീനമായ അന്തരീക്ഷം. അവിടേയ്ക്കാണ് ജീവിതത്തോട് ആസക്തിയില്ലാതെ ഫ്ളോറന്സ് എത്തുന്നത്. കൂടെ 36ം മറ്റു നഴ്സുമാരും. വേദനകളെ അവര് സ്നേഹിച്ചത്ര മറ്റാരും സ്നേഹിച്ചിട്ടില്ല. രാത്രിയും പകലും ഇല്ലാതെ അവര് അലഞ്ഞു. അവരുടെ ആരോഗ്യത്തെക്കുറിച്ച് അവര് ചിന്തിച്ചതേയില്ല. 

കോളറയും മലേറിയയും പടര്ന്നു പിടിച്ച അന്തരീക്ഷം...ഡോക്ടര്മാര് മടങ്ങിയതിനുശേഷവും തനിച്ച് അവര് നിസഹായരും രോഗികളുമായ പാവപ്പെട്ട പട്ടാളക്കാരെ പരിപാലിച്ചു. ദൈവം അയച്ച മാലാഖയായിരുന്നു അവര്. പക്ഷേ ഡോക്ടര്മാര്ക്ക് ഫ്ളോറന്സിന്റെ പരിഷ്കരണം നടപടികള് അത്ര സുഖിച്ചില്ല. അവര് മുറുമുറുപ്പോടെയാണ് വെറുമൊരു നഴ്സിന്റെ പരിഷ്കാരങ്ങളെ നിരീക്ഷിച്ചത്. പട്ടാളക്കാരുടെ ഹോസ്പിറ്റലുകള് പരിഷ്കരിക്കാന് അവര് നല്കിയ നിര്ദ്ദേശങ്ങള് ശ്രദ്ധിക്കപ്പെട്ടു. യുദ്ധമുഖത്തെ പട്ടാളക്കാരുടെ യഥാര്ത്ഥ അവസ്ഥ ചിത്രീകരിച്ചതോടെ പട്ടാളക്കാരുടെ കണ്ണിലും അവര് ശത്രുവായി.

ഫ്ളോറന്സ് വെറുമൊരു നഴ്സ് മാത്രമായിരുന്നില്ല, സ്ത്രീ സ്വാതന്ത്യത്തിനായി വാദിച്ചിരുന്ന ഒരു വിമോചക കൂടിയായിരുന്നു. ഡോക്ടര്മാരെക്കാള് കൂടുതല് ആവശ്യം നഴ്സുമാരാണെന്ന് ഉറച്ചു വിശ്വസിച്ചിരുന്നു അവര്.

ഞാന് ഫ്ളോറന്സിനൊപ്പം എംബ്ലി പാര്ക്കിലൂടെ നടന്നു. "എഴുപത്തിയൊന്നാമത്തെ വയസ്സിലാണ് ഞാനിവിടെ അവസാനമായി വന്നത്. പിന്നെ പത്തു വര്ഷം കൂടി പഠനം തുടര്ന്നു. തൊണ്ണൂറില് ഈ ശരീരം ഞാനിവിടെ ഉപേക്ഷിച്ചു. ദൈവസന്നിധിയിലേയ്ക്ക് മടങ്ങിയത് നിന്നെ പോലെയുള്ള പെണ്കുട്ടികളില് പ്രതീക്ഷയര്പ്പിച്ചാണ്."

അവര് എന്നെ ചേര്ത്ത് പിടിച്ചു. എന്റെ കവിളില് ചുംബിച്ചു. ഉറക്കത്തില് നിന്ന പോലെ ഞാന് ഉണര്ന്നു. ആരും എന്റെ സമീപത്തില്ല. എനിക്ക് അപരിചിതരായ പക്ഷികളുടെ ചിറകടിയൊച്ചകള്. എനിക്ക് ചുറ്റും ഉണ്ടായിരുന്ന ആ പ്രഭാവലയം എവിടെ? ഇടുങ്ങിയ ഇടനാഴികള് പിന്നിട്ട് വിന്വിസില് റോഡിലേയ്ക്ക് നടന്നു. ഫ്ളോറന്സിന്റെ ജിവിതം എന്നെ മാറ്റി മറിച്ചിരുന്നു...