Breaking News

Trending right now:
Description
 
Aug 28, 2017

പട്‌നയില്‍ വന്‍ റാലി: മഹാസഖ്യം രൂപികരിക്കുമെന്ന്‌ ശരദ്‌ യാദവ്‌

image ബിജെപിക്കെതിരായി ദേശീയതലത്തില്‍ മഹാസഖ്യം രൂപികരിക്കുമെന്നു ജെഡിയു നേതാവ്‌ ശരദ്‌ യാദവ്‌ പ്രഖ്യാപിച്ചു. ലാലുപ്രസാദ്‌ യാദവ്‌ പട്‌നയില്‍ സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്താണ്‌ ശരദ്‌ യാദവ്‌ പ്രഖ്യാപനം നടത്തിയത്‌. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യത്തെ പരാജയപ്പെടുത്താന്‍ ദേശീയതലത്തില്‍ വിശാലസഖ്യം രൂപീകരിക്കും. ബിഹാറിലെ മഹാസഖ്യത്തിനു ലഭിച്ച ജനവിധി ഒറ്റുകൊടുക്കപ്പെട്ടു. ബിഹാറിലെ ജനങ്ങള്‍ ചതിക്കപ്പെട്ടു. മഹാസഖ്യം രൂപീകരിക്കാന്‍ നേതൃത്വം നല്‍കുമെന്നും ജെഡിയു വിമതനേതാവ്‌ വ്യക്തമാക്കി. ബിജെപിയെ തുരത്തൂ രാജ്യത്തെ രക്ഷിക്കൂവെന്ന മുദ്രാവാക്യമുയര്‍ത്തി പട്‌ന ഗാന്ധി മൈതാനത്ത്‌ ലാലു പ്രസാദിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച റാലിയില്‍ ജനലക്ഷങ്ങള്‍ പങ്കെടുത്തു. റാലിക്കെത്തിയ വിമത ജെഡിയു നേതാവ്‌ ശരദ്‌ യാദവിന്‌ വന്‍ സ്വീകരണമാണ്‌ ലഭിച്ചത്‌. റാലിയില്‍ പങ്കെടുത്താല്‍ പുറത്താക്കുമെന്ന നിതീഷ്‌ വിഭാഗത്തിന്റെ മുന്നറിയിപ്പ്‌ അവഗണിച്ചാണ്‌ ശരദ്‌ യാദവ്‌ വേദിയിലെത്തിയത്‌. വിശാലസഖ്യം ഉപേക്ഷിച്ച്‌ ബിജെപി സഖ്യത്തിലേക്കു മടങ്ങിയ മുഖ്യമന്ത്രി നിതീഷ്‌ കുമാറിനെതിരെ ഇദ്ദേഹം കലാപക്കൊടി ഉയര്‍ത്തിയിരുന്നു. കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും റാലിയില്‍ പങ്കെടുത്തില്ല. എന്നാല്‍, കോണ്‍ഗ്രസ്‌ നേതാക്കളായ ഗുലാം നബി ആസാദ്‌, സ.ിപി.ജോഷി, സമാജ്‌ വാദി പാര്‍ട്ടി നേതാവ്‌ അഖിലേഷ്‌ യാദവ്‌, സിപിഐ ജനറല്‍ സെക്രട്ടറി എസ്‌.സുധാകര്‍ റെഡ്ഡി, ജാര്‍ഖണ്ഡ്‌ മുക്തി മോര്‍ച്ച നേതാവ്‌ ഹേമന്ത്‌ സോറന്‍, ജെവിഎം നേതാ്‌ ബാബുലാല്‍ മറന്‍ഡി, എന്‍സിപി നേതാവ്‌ താരിഖ്‌ അന്‍വര്‍, ജെഡിയു വിമത നേതാവ്‌ അലി അന്‍വര്‍ അന്‍സാരി എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.