Breaking News

Trending right now:
Description
 
Aug 28, 2017

ഗുര്‍മീതിന്റെ ശിക്ഷാവിധി ഇന്ന്‌; ഹരിയനയിലും പഞ്ചാബിലും അതീവ ജാഗ്രത

image വനിത അനുയായിയെ മാനഭംഗപ്പെടുത്തിയ കേസില്‍ ദേര സച്ചാ സൗദാ തലവന്‍ ഗുര്‍മീത്‌ റാം റഹീം സിങ്ങിന്റെ ശിക്ഷ സിബിഐ പ്രത്യേക കോടതി ഇന്നു വിധിക്കും. ഗുര്‍മീതിനെ പാര്‍പ്പിച്ചിരിക്കുന്ന ഹരിയാനയിലെ റോത്തക്‌ സുനരിയ ജയിലില്‍ ഒരുക്കിയ പ്രത്യേക കോടതിയില്‍ ഉച്ചയ്‌ക്ക്‌ രണ്ടരയ്‌ക്കാണ്‌ ശിക്ഷാവിധി പ്രഖ്യാപിക്കുക. ഗുര്‍മീത്‌ കുറ്റക്കാരനായി വിധിച്ച കഴിഞ്ഞ വെള്ളിയാഴ്‌ച ഹരിയാന, പഞ്ചാബ്‌ സംസ്ഥാനങ്ങളില്‍ ആളിക്കത്തിയ കലാപം ഇന്നു മൂര്‍ധന്യത്തിലെത്താനിടയുണ്ടെന്ന ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടിനെ തുടര്‍ന്ന്‌ ഇരുസംസ്ഥാനങ്ങളിലും വന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി. കഴിഞ്ഞദിവസത്തെ അക്രമങ്ങളില്‍ മാത്രം 38 പേര്‍ കൊല്ലപ്പെട്ടു. ഒട്ടേറെ പേര്‍ക്കാണ്‌ പരുക്കേറ്റത്‌. ഗുര്‍മീന്റെ അനുയായികളുടെ അക്രമം രാജ്യതലസ്ഥാനത്തേക്ക്‌ പടരാതിരിക്കാന്‍ ജാഗ്രതയിലാണ്‌ സുരക്ഷാസൈന്യം. ഹരിയാനയില്‍ അക്രമണങ്ങളെ തുടര്‍ന്ന്‌ 552 പേര്‍ അറസ്റ്റിലായിട്ടുണ്ട്‌. ഹരിയാന, പഞ്ചാബ്‌ എന്നിവിടങ്ങളില്‍ മൊബൈല്‍, ഇന്റര്‍നെറ്റ്‌ സേവനവും താല്‍ക്കാലികമായി നിര്‍ത്തി. ദര സച്ചാ പ്രവര്‍ത്തകര്‍ എവിടെ കൂടിയാലും അവരെ കസ്റ്റഡിയിലെടുക്കാന്‍ സുരക്ഷയുടെ ഭാഗമായി പൊലീസ്‌ തീരുമാനിച്ചിട്ടുണ്ട്‌. പ്രധാനപ്പെട്ട നേതാക്കളെ കരുതല്‍ തടങ്കലിലാക്കി. ഇവരുടെ കേന്ദ്രങ്ങളും പൊലീസ്‌ നിരീക്ഷണത്തിലാണ്‌. പൊലീസിനു പുറമേ അര്‍ധസൈനിക വിഭാഗങ്ങളും സൈന്യവും ക്രമസമാധാനനിലയ്‌ക്കായി ക്യാംപുചെയ്യുന്നുണ്ട്‌. സുരക്ഷാ ക്രമീകരണങ്ങളില്‍ ഒരു തരത്തിലും വീഴ്‌ച വരുത്താന്‍ പാടില്ലെന്നു കഴിഞ്ഞദിവസം പഞ്ചാബ്‌ ആന്‍ഡ്‌ ഹരിയാന ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.