Breaking News

Trending right now:
Description
 
Aug 27, 2017

കാഷ്‌മീരില്‍ ഭീകരാക്രമണം: എട്ടു ഭടന്മാര്‍ക്ക്‌ വീരമൃത്യു

image ജമ്മുകാഷ്‌മീരില്‍ പുല്‍വാമ ജില്ലയിലെ പൊലീസ്‌ ആസ്ഥാനത്തുണ്ടായ ഭീകരാക്രമണത്തില്‍ എട്ടു സുരക്ഷാ ഭടന്മാര്‍ക്ക്‌ വീരമൃത്യു. തിരിച്ചടിച്ച സൈന്യം മൂന്നു ഭീകരരെ വധിച്ചു. സുരക്ഷാ ജീവനക്കാരുടെ പാര്‍പ്പിടമേഖലയും പൊലീസ്‌ ഹെഡ്‌ക്വാര്‍ട്ടേഴ്‌സും ഉള്‍പ്പെടുന്ന ജില്ലാ പൊലീസ്‌ കോംപ്ലക്‌സിനു നേരെ ശനിയാഴ്‌ച പുലര്‍ച്ചെയാണ്‌ ഭീകരര്‍ ആക്രമണം നടത്തിയത്‌. പുലര്‍ച്ചെ ആരംഭിച്ച ഏറ്റുമുട്ടല്‍ രാത്രിവരെ നീണ്ടു. കോംപ്ലക്‌സിന്റെ മൂന്നു ബ്ലോക്കുകളില്‍ മൂന്നു ഭീകരര്‍ കയറിപ്പറ്റുകയായിരുന്നു. ചാവേറുകളായി എത്തിയ ഇവര്‍ വെടിയുതിര്‍ത്തു. സംസ്ഥാന പൊലീസ്‌, സിആര്‍പിഎഫ്‌, കരസേന എന്നിവര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഇവിടം വളഞ്ഞു. ഭീകരര്‍ ആക്രമണം ആരംഭിച്ചപ്പോള്‍തന്നെ ഇവിടെ താമസിച്ചിരുന്ന കുടുംബങ്ങളെ സുരക്ഷിതമായി മാറ്റാന്‍ കഴിഞ്ഞത്‌ വന്‍ ദുരന്തം ഒഴിവാക്കി. ഇന്നലെ വൈകിട്ട്‌ അഞ്ചിനാണ്‌ അക്രമികളില്‍ അവസാനത്തെ ആളെയും വെടിവച്ചുകൊന്നത്‌. ആക്രമണത്തിനു പിന്നില്‍ ഏത്‌ ഭീകരസംഘടനയാണെന്നു വ്യക്തമല്ല. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ജില്ലയിലെ മൊബൈല്‍ ഇന്റര്‍നെറ്റ്‌ സര്‍വീസ്‌ റദ്ദാക്കി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിങ്‌ സംസ്ഥാന പൊലീസ്‌ മേധാവിയെ വിളിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി.