Breaking News

Trending right now:
Description
 
Aug 27, 2017

മോദി ബിജെപിയുടെ മാത്രം പ്രധാനമന്ത്രിയല്ലെന്ന്‌ ഹൈക്കോടതി

image ദേര സച്ചാ സൗദാതലവന്‍ ഗുര്‍മീത്‌ റാം റഹിം സിങ്‌ മാനഭംഗക്കേസില്‍ കുറ്റക്കാരനാണെന്നു കോടതി കണ്ടത്തിയതിനുപിന്നാലെയുണ്ടായ ആക്രമങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പ്രധാനമന്ത്രി ബിജെപിയുടെ മാത്രമല്ല ഇന്ത്യയുടെ മുഴുവനുമാണ്‌. അക്രമങ്ങളുണ്ടായശേഷം മാത്രമാണ്‌ കേന്ദ്രത്തിന്റെ ഇടപെടല്‍ ഉണ്ടായത്‌. കേന്ദ്രസര്‍ക്കാര്‍ ചില പ്രദേശങ്ങളെ കോളനികളായി കരുതുന്നുണ്ടോ? നമ്മള്‍ ഒറ്റരാഷ്ട്രമാണോ? അതോ പാര്‍ട്ടിയുടെ രാഷ്ട്രമാണോ? ആക്ടിങ്‌ ചീഫ്‌ ജസ്റ്റീസ്‌ സുരീന്ദര്‍ സിങ്‌ സരോണ്‍ അധ്യക്ഷനായ ബെഞ്ച്‌ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി സംസ്ഥാനത്തിന്റെ ആഭ്യന്തര മന്ത്രികൂടിയാണെന്നു ഓര്‍ക്കണം. ഏഴുദിവസമായി ഒന്നരലക്ഷത്തോളം പേര്‍ തടിച്ചുകൂടിയിട്ടും തടയാന്‍ എന്തുകൊണ്ട്‌ സാധിച്ചില്ല-കോടതി ചോദിച്ചു. ക്രമസമാധാനകാര്യത്തില്‍ ആശങ്ക ഉന്നയിച്ച്‌ ഹരിയാന പഞ്ച്‌കുളയില്‍നിന്നുള്ള ആള്‍ നല്‍കിയ പൊതുതാല്‍പര്യഹര്‍ജി അവധിയായിരുന്നിട്ടുകൂടിയും കോടതി പരിഗണിക്കുകയായിരുന്നു. ആക്രമണങ്ങളില്‍ എത്രപേരാണ്‌ കൊല്ലപ്പെട്ടത്‌. അക്രമണം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ക്കായി സംസ്ഥാനങ്ങള്‍ക്ക്‌ എത്ര പണം ചിലവായി? ഇക്കാര്യങ്ങള്‍ വ്യക്തമാക്കണമെന്നും അക്രമം തടയാനുള്ള തുടര്‍നടപടികള്‍ രഹസ്യരേഖയായി കോടതിക്കു നല്‍കണമെന്നും ജസ്റ്റീസ്‌ സുരീന്ദര്‍ സിങ്‌ സരോണ്‍ നിര്‍ദേശിച്ചു. ഹരിയാനയിലും പഞ്ചാബിലും അക്രമങ്ങളില്‍ പൊതു, സ്വകാര്യ സ്വത്തുക്കള്‍ക്കുണ്ടായ നഷ്ടം സംബന്ധിച്ച വിവരം നല്‍കാന്‍ ആവശ്യപ്പെട്ടു സര്‍ക്കാരുകള്‍ പരസ്യം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്‌.