Breaking News

Trending right now:
Description
 
Aug 26, 2017

ഗുര്‍മീതിന്റെ അനുയായികള്‍ അഴിഞ്ഞാടി: 32 മരണം, 100 വാഹനങ്ങളും ട്രെയിനും കത്തിച്ചു

image മാനഭംഗക്കേസില്‍ ദേര സച്ചാ സൗദാ തലവനും ആള്‍ദൈവവുമായ ഗുര്‍മീത്‌ റാം റഹിം സിങ്‌ കുറ്റക്കാരനാണെന്നു ചണ്ഡിഗഡ്‌ പഞ്ചുളയിലെ സിബിഐ പ്രത്യേക കോടതി വിധിച്ചതിനു പിന്നാലെ പഞ്ചാബിലും ഹരിയാനയിലും ഗുര്‍മീതിന്റെ അനുയായികള്‍ അഴിഞ്ഞാടി. സുരക്ഷാസേനയുമായി ഇവര്‍ ഏറ്റുമുട്ടി. വിവിധ സ്ഥലങ്ങളില്‍ നടന്ന അക്രമത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടു. ആയിരത്തിലേറെപേര്‍ക്ക്‌ പരുക്കുണ്ട്‌. നൂറിലേറെ വാഹനങ്ങള്‍ കത്തിച്ചു. വൈകുന്നേരത്തോടെ അക്രമം ഡല്‍ഹിയിലേക്കും പരിസരപ്രദേശങ്ങളിലേക്കും വ്യാപിച്ചതോടെ രാജ്യതലസ്ഥാനം കനത്ത ജാഗ്രതയിലായി. ഡല്‍ഹിയില്‍ വന്‍ ഗതാഗതക്കുരുക്കുണ്ടായി. ഹരിയാനയില്‍ രണ്ടു റെയില്‍വേ സ്‌റ്റേഷനുകള്‍ക്കും ഒരു ട്രെയിനും തീയിട്ടു. പൊലീസ്‌, അഗ്നിശമനസേന, മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ വാഹനങ്ങളാണ്‌ തീയിട്ടു നശിപ്പിച്ചത്‌. കേസില്‍ വിധി പറയുന്നതുകേള്‍ക്കാന്‍ കോടതിക്കു മുമ്പിലും സമീപപ്രദേശങ്ങളിലുമായി ഗുര്‍മീതിന്റെ രണ്ടുലക്ഷത്തോളം അനുയായികള്‍ തമ്പടിച്ചിരുന്നു. ഗുര്‍മീതിനെതിരെ വിധി പ്രഖ്യാപിച്ച്‌ ഏറെകഴിയുംമുമ്പ്‌ അനുയായികള്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. അക്രമപശ്ചാത്തലത്തില്‍ ഡല്‍ഹിയിലും സമീപജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോടതി വിധി പ്രഖ്യാപിച്ചു ഏറെകഴിയുംമുമ്പ്‌ ഗുര്‍മീതിനെ പ്രത്യേക ഹെലികോപ്‌റ്ററില്‍ റോത്തക്കിലെ താല്‍ക്കാലിക ജയിലിലേക്ക്‌ മാറ്റി. ഗുര്‍മീതിന്റെ ആശ്രമത്തിലെ വനിതാ അന്തേവാസിയെ മാനഭംഗപ്പെടുത്തിയ കേസിലാണ്‌ ഗുര്‍മീത്‌ കുറ്റക്കാരനാണെന്നു സിബിഐ കോടതി കണ്ടെത്തിയത്‌. കേസില്‍ തിങ്കളാഴ്‌ച ശിക്ഷ വിധിക്കും.