Breaking News

Trending right now:
Description
 
Aug 25, 2017

മന്ത്രി ശൈലജയ്‌ക്കെതിരായ പരാമര്‍ശങ്ങള്‍ ഹൈക്കോടതി നീക്കം ചെയ്‌തു

image ബാലാവകാശ കമ്മിഷന്‍ നിയമനത്തില്‍ ആരോഗ്യ മന്ത്രി കെ.കെ.ശൈലജയ്‌ക്കെതിരെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച്‌ നടത്തിയ പരാമര്‍ശങ്ങള്‍ ഹൈക്കോടതി ഡിവന്‍ബെഞ്ച്‌ നീക്കം ചെയ്‌തു. ബാലാവകാശ കമ്മിഷനില്‍ രാഷ്ട്രീയക്കാരെ തിരുകി കയറ്റാന്‍ മന്ത്രി ശ്രമിച്ചുവെന്നായിരുന്നു പരാമര്‍ശം. കേസില്‍ മന്ത്രി കക്ഷിയല്ലെന്നും കേസിന്റെ വിധിക്ക്‌ മന്ത്രിക്കെതിരായ പരാമര്‍ശം അനിവാര്യമായിരുന്നില്ലെന്നും ഡിവിഷന്‍ ബെഞ്ച്‌ നിരീക്ഷിച്ചു. മന്ത്രിയുടെ വാദങ്ങള്‍ കോടതി കേട്ടില്ലെന്നും കോടതി വ്യക്തമാക്കി. ശൈലജയ്‌ക്ക്‌ എതിരായ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ ബുധനാഴ്‌ചയാണ്‌ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്‌. കേസുമായി ബന്ധപ്പെട്ട മറ്റു ആപ്പീലുകള്‍ നാളെ പരിഗണിക്കും. ബാലാവകാശ കമ്മീഷന്‍ നിയമനവുമായി ബന്ധപ്പെട്ട്‌ തീയതി നീട്ടാന്‍ സാമൂഹികക്ഷേമവകുപ്പ്‌ മന്ത്രികൂടിയായ ശൈലജ നിര്‍ദേശിച്ചത്‌ അവര്‍ക്ക്‌ താല്‍പര്യമുള്ളവരെ തിരുകിക്കയറ്റാനാണെന്ന വാദത്തില്‍ കഴമ്പുണ്ടെന്നു സിംഗിള്‍ ബെഞ്ച്‌ ഉത്തരവില്‍ ചൂണ്ടിക്കാട്ടിരുന്നു. സിപിഎം പ്രവര്‍ത്തകനായ ടി.ബി.സുരേഷിനെ നിയമിക്കുന്നതിനാണ്‌ ഇതെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍. സിംഗിള്‍ബെഞ്ചില്‍നിന്നു മന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട്‌ പ്രതിപക്ഷം സമരം ശക്തമാക്കിയിരുന്നു.